പറവൂർ: കഴിഞ്ഞ അഞ്ചു വർഷത്തെ എൽ.ഡി എഫ് സർക്കാരിന്റെ അതിരുകടന്ന ധൂർത്തും ധാരാളിത്തവും സംസ്ഥാനത്തെ കടക്കെണിയിലാക്കിയതായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഡി. സതീശന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. കടമെടുത്ത പണമാണ് ധൂർത്തിന് ഉപയോഗിച്ചത്. കേരളം ഭരിച്ച ഒരു സർക്കാരും ഇത്തരമൊരു ധൂർത്ത് നടത്തിയിട്ടില്ല. 1957 മുതൽ 2016 വരെയുള്ള സർക്കാരുകൾ മൊത്തം ഉണ്ടാക്കിയ കടത്തെക്കാൾ 108 ശതമാനമാണ് കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് എൽ.ഡി.എഫ് സർക്കാർ ഉണ്ടാക്കി വെച്ചിരിക്കുന്നത്. തിരിച്ചടക്കാൻ കഴിയാത്ത വിധത്തിലുള്ള കടമാണ് സർക്കാർ വാങ്ങിക്കൂട്ടിയിരിക്കുന്നത്. സർക്കാരിന് പലപ്പോഴും കടമെടുക്കേണ്ടി വരും. പക്ഷെ അത് അത്യാവശ്യ കാര്യങ്ങൾക്കാവണം. വാടകക്ക് എടുത്ത ഹെലികോപ്ടർ ഏതാനും മണിക്കൂറുകൾ മാത്രം ഉപയോഗിച്ചത്. വാടകതുക കൊണ്ട് സംസ്ഥാനത്തിന് പുതിയ ഹെലികോപ്ടർ വാങ്ങാമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷം നമുക്ക് നഷ്ടമായി. വികസന പ്രവർത്തനങ്ങൾ മുരടിച്ച അവസ്ഥയിലാണ്. കേരളത്തിൽ യു.ഡി.എഫ് തിരിച്ചു വരേണ്ടത് അനിവാര്യമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പി.എസ്. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി നിരീക്ഷകൻ സഭാപതി, വി.ഡി.സതീശൻ, കെ.പി.ധനപാലൻ, അഡ്വ.കെ.പി. ഹരിദാസ്, മുഹമ്മദ് ഷിയാസ്, കെ. ശിവശങ്കരൻ, എം.ടി. ജയൻ, ടി.കെ. ഇസ്മെയിൽ, റോഷൻ ചാക്കപ്പൻ, കെ.കെ. സുഗതൻ, സയിദ്, എം.ജെ. രാജു, പി.ആർ. സൈജൻ, വി.എ. പ്രഭാവതി തുടങ്ങിയവർ സംസാരിച്ചു.