tree
ചെങ്ങമനാട് കവലയിൽ യാത്രക്കാർക്കും വ്യാപാരികൾക്കും ഭീഷണിയായ ഭീമൻ തണൽമരം

നെടുമ്പാശേരി: ചെങ്ങമനാട് കവലയിലെ ഭീമൻ തണൽമരം യാത്രക്കാർക്കും വ്യാപാരികൾക്കും ഭീഷണിയാകുന്നു. കാറ്റിൽ നിത്യേന മരങ്ങൾ കടപുഴകി വീണ് അപകടങ്ങൾ പതിവായതോടെ ജനങ്ങൾ ഭീതിയിലാണ്. മാസങ്ങൾക്ക് മുമ്പ് വൃക്ഷത്തിന്റെ ശിഖരം ഒടിഞ്ഞതിനെ തുടർന്ന് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.

പറവൂരിൽ നിന്നും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വന്ന് പോകുന്നതടക്കം ഇടതടവില്ലാതെ നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പ്രധാന റോഡിലാണ് അപകടക്കെണിയുള്ളത്. മാഞ്ഞാലി ഭാഗത്ത് നിന്നും വളവും കുത്തനെയുള്ള കയറ്റവും കയറി വാഹനങ്ങൾ എത്തിപ്പെടുന്നത് വടവൃക്ഷത്തിന്റെ ചുവട്ടിലാണ്. തെക്ക് വശത്ത് ഓട്ടോസ്റ്റാൻഡും വടക്ക് വശത്ത് സഹകരണ ബാങ്കും കച്ചവട സ്ഥാപനങ്ങളുമാണ്. തൊട്ടടുത്താണ് ബസ് സ്റ്റോപ്പ്. മാവേലി സ്റ്റോറു, സൂപ്പർമാർക്കറ്റും അക്ഷയ സെന്ററ്റും സമീപത്തുള്ളതിനാൽ യാത്രക്കാരുടെ എണ്ണവും കൂടുതലാണ്. വർഷക്കാലത്ത് വൃക്ഷക്കൊമ്പുകൾ ഒടിഞ്ഞ് വീഴുന്നത് പതിവാണ്.

നാട്ടുകാർ സമരത്തിലേക്ക്

ഓരോ ദിവസവും അപകടാവസ്ഥ രൂക്ഷമായതോടെ ഓട്ടോ തൊഴിലാളികൾ പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള അധികാരികൾക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാർ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്.

ലേലത്തിന് ആളില്ല

വൃക്ഷത്തിന്റെ മദ്ധ്യഭാഗം പലയിടത്തും ഉണങ്ങി തെക്ക് വശത്തേക്ക് നിലം പൊത്തുന്ന സ്ഥിതിയാണുള്ളത്. വൻ ശിഖരങ്ങളും ഏത് നിമിഷവും ഒടിഞ്ഞ് വീഴുന്ന അവസ്ഥയിലാണുള്ളത്.

അപകടാവസ്ഥയിലായ മരം മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ ജോസ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി സമർപ്പിച്ചതിനെത്തുടർന്ന് മരം മുറിച്ചു മാറ്റുന്നതിന് ലേലത്തിന് വച്ചെങ്കിലും ആരും ഏറ്റെടുത്തില്ല. ഇതോടെ പ്രശ്‌ന പരിഹാരം അകലെയായി.