
കൊച്ചി: സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ പിഴവുണ്ടെന്നത് വ്യക്തമാണെന്നും ആരും ഇരട്ട വോട്ടു ചെയ്യുന്നില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ ഉറപ്പാക്കണമെന്നും ഹൈക്കോടതി. വോട്ടർ പട്ടികയിൽ പേരുകൾ വ്യാജമായി ചേർത്തതു നീക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ഹർജി ഇന്നു വീണ്ടും പരിഗണിക്കും.
വോട്ടർ പട്ടികയിൽ ഒരാളുടെ പേരു പലതവണ ചേർക്കുന്നത് ഇരട്ട വോട്ടിന് അവസരമൊരുക്കുമെന്നും നിയമപ്രകാരം ഇത് അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഒരാൾ എവിടെയൊക്കെ പട്ടികയിൽ പേരു ചേർത്താലും ഒരു വോട്ടേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണം.
വോട്ടർപട്ടികയിൽ 3.24 ലക്ഷം ഇരട്ടവോട്ടുകളും 1.09 ലക്ഷം വ്യാജവോട്ടുകളും ഉൾപ്പെട്ടിട്ടുണ്ടെന്നാരോപിച്ചാണ് ചെന്നിത്തല ഹർജി നൽകിയത്. ഇലക്ഷൻ കമ്മിഷനു പലതവണ പരാതി നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്നും ആരോപിച്ചിരുന്നു.
കാസർകോട് ഉദുമ മണ്ഡലത്തിലെ കുമാരിയെന്ന വോട്ടറുടെ പേര് അഞ്ചിടത്ത് ആവർത്തിച്ചതും ഹർജിക്കാരനു വേണ്ടി ഹാജരായ മുൻ പ്രോസിക്യൂഷൻ ഡയക്ടർ ജനറൽ ടി. അസഫ് അലി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സെൻട്രലിലെ വോട്ടർപട്ടികയിൽ ഒരേ ഫോട്ടോയും വിവിധ പേരുകളുമുള്ള 134 പേരുടെ വിവരങ്ങളും ഹാജരാക്കി. വോട്ടർമാർ മറ്റൊരിടത്തേക്ക് താമസം മാറിപ്പോകുമ്പോൾ രണ്ടു തവണ പട്ടികയിൽ പേര് വരാനിടയുണ്ടെന്നും ഇത്തരം വോട്ടർമാരുടെ വീടുകളിലെത്തി ഇരട്ട വോട്ടു ചെയ്യുന്നത് ഒഴിവാക്കാൻ നടപടിയെടുക്കുമെന്നും ഇലക്ഷൻ കമ്മിഷൻ വ്യക്തമാക്കി.
പട്ടികയിൽ ഇങ്ങനെ പലതവണ പേരു ചേർക്കുന്നതു കണ്ടെത്താൻ കമ്മിഷനു സംവിധാനമുണ്ടോയെന്ന ഡിവിഷൻ ബെഞ്ചിന്റെ ചോദ്യത്തിന് ഇക്കാര്യത്തിൽ കമ്മിഷന്റെ വിശദീകരണം അറിയിക്കാമെന്ന് അഭിഭാഷകൻ മറുപടി നൽകി. പട്ടികയിലെ പിഴവു തിരുത്താൻ നടപടിയെടുത്തെന്നും ഇക്കാര്യങ്ങൾ വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നൽകാമെന്നും കമ്മിഷൻ അറിയിച്ചു. തുടർന്ന് ഹർജിക്കാരന് കൂടുതൽ രേഖകളുണ്ടെങ്കിൽ സമർപ്പിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.