umman-chandy

ഉദയംപേരൂർ: കെ.ബാബു തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ വികസന നായകനെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുള്ള റോഡ് ഷോയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മെട്രോ റെയിൽ തൃപ്പൂണിത്തുറ എസ്.എൻ. ജംഗ്ഷനിൽ നീട്ടാൻ നടപടിയെടുത്തതും കുടിവെള്ള പദ്ധതി കൊണ്ടുവന്നതും ബാബുവാണ്. വിഴിഞ്ഞം തുറമുഖ വികസനവും കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണവുമൊക്കെ ബാബു മന്ത്രിയായിരുന്നപ്പോൾ ശകതമായി ഇടപെട്ടതിന്റെ ഫലമാണ്. ചെയ്യാത്ത തെറ്റിന് കുറെ പഴി കേട്ടതാണ്. ഒടുവിൽ കുറ്റവിമുക്തനായി നിങ്ങളിൽ ഒരാളായി ജനവിധി തേടുകയാണ്. ആര് എന്തൊക്കെ പൊള്ളത്തരങ്ങൾ പറഞ്ഞാലും നാട്ടിലെ ജനങ്ങൾക്ക് ബാബുവിനെ അറിയാം. അഴിമതിയില്ലാത്ത ജനഹൃദയം തൊട്ടറിഞ്ഞ സ്ഥാനാർത്ഥിയാണ് തൃപ്പൂണിത്തുറയിൽ മത്സരിക്കുന്നത്.ബാബുവിനെ വൻ ഭൂരിപക്ഷത്തോടെ ജയിപ്പിക്കണമെന്നും ഉമ്മൻ ചാണ്ടി അഭ്യർത്ഥിച്ചു. തുടർന്ന് നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത റോഡ് ഷോയ്ക്കൊപ്പം തൃപ്പൂണിത്തുറയിലേക്ക് നീങ്ങി. വഴിമദ്ധ്യേ ശശി തരൂരും റോഡ് ഷോയിൽ പങ്കു ചേർന്നു.