കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്‌സ് ഭാരവാഹികൾ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. ജി.എസ്.ടി. നിയമത്തിന് കീഴിലുള്ള ഓഡിറ്റ് നിർത്തലാക്കാനുള്ള നീക്കം നികുതിദായകർക്കും സർക്കാരിനും സമ്പദ് വ്യവസ്ഥയ്ക്കും തിരിച്ചടിയാകാനിടയുണ്ടെന്ന് സംഘടനാഭാരവാഹികൾ മന്ത്രിയെ അറിയിച്ചു. പൊതുമേഖലാ ബാങ്കുകളിൽ ഓഡിറ്റ് നടത്തുന്ന ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ഓഡിറ്റ് ഫീസ് വർധിപ്പിക്കാത്തതിലുള്ള ആശങ്കയും മന്ത്രിയെ അറിയിച്ചു.
കൊച്ചിയിൽ താജ് ഹോട്ടലിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ പ്രൊഫഷണൽ ഡവലപ്‌മെന്റ് കമ്മിറ്റി ചെയർമാൻ ബാബു അബ്രാഹം കള്ളിവയലും എറണാകുളം ശാഖാ ചെയർമാൻ രഞ്ജിത് വാര്യർ, ഇൻസ്റ്റിറ്റ്യൂട്ട് മുൻ ദക്ഷിണേന്ത്യൻ കൗൺസിൽ ചെയർമാനും അംഗവുമായ ജോമോൻ കെ.ജോർജ്, എറണാകുളം ശാഖ സെക്രട്ടറി ദീപ വർഗീസ്, മുൻ ചെയർമാൻ പി.ആർ. ശ്രീനിവാസൻ എന്നിവർ അടങ്ങിയ സംഘമാണ് മന്ത്രിയുമായി ചർച്ച നടത്തിയത്. പൊതുമേഖല ബാങ്കുകളിലെ ഓഡിറ്റ് ഫീസ് പ്രശ്നം ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങളെടുപ്പിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു.