gold

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻ.ഐ.എ കേസിൽ സന്ദീപ് നായർ, മുഹമ്മദ് അൻവർ, മുസ്തഫ, അബ്ദുൾ അസീസ്, നന്ദഗോപാൽ എന്നിവരെ മാപ്പുസാക്ഷികളാക്കാനുള്ള അപേക്ഷയിലെ നടപടികൾ പ്രത്യേക എൻ.ഐ.എ കോടതിയിൽ പൂർത്തിയായി. കോടതി ഇന്നു വിധി പറഞ്ഞേക്കും.

കോഫെപോസ നിയമപ്രകാരം കരുതൽ തടവിൽ കഴിയുന്ന സന്ദീപിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. അടച്ചിട്ട കോടതിയിൽ വാദം കേട്ടു. സന്ദീപ് നേരത്തെ നൽകിയ രഹസ്യമൊഴി വായിച്ചു കേൾപ്പിച്ച കോടതി മാപ്പുസാക്ഷിയാകാനുള്ള തീരുമാനത്തിൽ മാറ്റമുണ്ടോയെന്ന് ആരാഞ്ഞു. മറ്റുള്ളവരുടെ വാദങ്ങളും അടച്ചിട്ട കോടതി മുറിയിലാണ് പൂർത്തിയാക്കിയത്. സ്വമേധയാ കുറ്റസമ്മത മൊഴി നൽകുകയാണെന്ന് എല്ലാവരും കോടതിയിൽ വ്യക്തമാക്കി. സന്ദീപ് ഒഴികെയുള്ള പ്രതികൾ സ്വർണക്കടത്തിൽ പണം നിക്ഷേപിച്ചവരാണ്. സ്വർണക്കടത്തു കേസിൽ എൻ.ഐ.എ മാപ്പുസാക്ഷിയാക്കാൻ നടപടി സ്വീകരിച്ചതിനുശേഷമാണ് ഇ.ഡിക്കെതിരെ സന്ദീപ് നായർ പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്നാരോപിച്ച് സന്ദീപ് ജയിലിൽ നിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കത്തെഴുതിയിരുന്നു.