കോലഞ്ചേരി: കരിമുഗൾ നായർ കോളനിയിൽ കോൺഗ്രസ്, ട്വന്റി20 പ്രവർത്തകർ ഏറ്റുമുട്ടി. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. കിഴക്കമ്പലത്തെ ട്വന്റി20 സ്​റ്റാളിൽ നിന്ന് വീട്ടുപകരണങ്ങൾ ലഭ്യമാക്കുന്ന കൂപ്പണും പണവുമായി വീടുകൾ കയറിയതാണ് തർക്കങ്ങൾക്ക് കാരണമെന്ന് യു.ഡി.എഫും, വോട്ടഭ്യർത്ഥിക്കാൻ കോളനിയിൽ കയറുക മാത്രമാണ് ഉണ്ടായതെന്ന് ട്വന്റി20 യും പറയുന്നു. പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെ തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിലും, ട്വന്റി20 പ്രവർത്തകരെ വടവുകോട് സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ആക്രമണത്തിൽ പ്രതിഷേധിച്ച് കരിമുകളിൽ യു.ഡി.എഫ് പ്രവർത്തകരും കോലഞ്ചേരിയിൽ ട്വന്റി20 യും പ്രകടനം നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.