
കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഇ.ഡിക്കെതിരെയുള്ള ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കാൻ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്‌ണൻ നൽകിയ ഹർജി ദുരുദ്ദേശ്യപരമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി എം.പി. പ്രിയമോൾ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ഇ.ഡിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ഹർജിക്കാരൻ പ്രതിയല്ല. ആ നിലയ്ക്ക് ഹർജി നിലനിൽക്കില്ള. ഹർജിയിലൂടെ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരെ അപകീർത്തിപ്പെടുത്താൻ അഭ്യൂഹങ്ങളും ആരോപണങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുകയാണ്. ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ എന്ന ഒൗദ്യോഗിക പദവിയിലിരുന്നു ശേഖരിച്ച വിവരങ്ങൾ ഹർജിക്കാരൻ വ്യക്തിപരമായി നൽകിയ ഹർജിയിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ഹർജിക്കൊപ്പം നൽകിയ പല വിവരങ്ങളും മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചവയാണ്. ഇവ പൊതുസമൂഹത്തിനു മുന്നിലേക്ക് നിരത്തുകയാണ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമപ്രകാരം പ്രതികൾ നൽകിയ മൊഴികൾ വ്യക്തിപരമായ ആവശ്യത്തിന് ഹർജിക്കാരനെങ്ങനെ ലഭിച്ചെന്ന് വ്യക്തമാക്കുന്നില്ല.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട രേഖകൾ സ്വകാര്യ വ്യക്തികളുടെ പക്കലെത്തിച്ചാണ് ഹർജി തയ്യാറാക്കി നൽകിയതെന്ന് സംശയിക്കുന്നു. സ്വകാര്യ അഭിഭാഷകൻ മുഖേന ഇത്തരം ഒൗദ്യോഗിക വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചത് ഗൗരവമേറിയ വിഷയമാണ്. സ്വപ്നയുടെ ഫോൺ ശബ്ദരേഖ ചോർന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഇ.ഡി ജോയിന്റ് ഡയറക്ടർ ജയിൽ ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ജയിൽ ഡി.ജി.പി അപേക്ഷ നൽകി. പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ ശബ്ദരേഖ സ്വപ്നയുടേതാണെന്നും ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ സംസാരിച്ചതാണന്നും കണ്ടെത്തി. തുടർന്നാണ് കേസെടുത്തത്. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണ്.
ശിവശങ്കർ ഭരണസംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് ഇ.ഡിക്കെതിരെ തെളിവുണ്ടാക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും കേസ് റദ്ദാക്കരുതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഇ.ഡിക്കെതിരെ വീണ്ടും
ക്രൈംബ്രാഞ്ച് കേസ്
തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ കസ്റ്റഡിയിൽ കഴിയുന്ന സന്ദീപ് നായരുടെ അഭിഭാഷകൻ ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സംസ്ഥാന ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ ഇ.ഡി നിർബന്ധിച്ചുവെന്നാണ് പരാതി. സന്ദീപ് നായർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഭിഭാഷകൻ പരാതി നൽകിയത്.
സ്വർണക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന വനിതാ പൊലീസുകാരുടെ മൊഴിയിൽ നേരെത്തെ ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടർന്നായിരുന്നു കേസ്. തെറ്റായി ഒരാളെ ഉൾപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നത് ഒൗദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമല്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.