pic-1

കൊച്ചി: വാഹനങ്ങൾ വാടകയ്ക്കെടുത്ത് വൻ തുകയ്ക്ക് മറിച്ചുവിൽക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയടക്കം മൂന്ന് പേർ കൂടി പിടിയിലായി. തൃശൂർ വാടാനപ്പിള്ളി സ്വദേശി പണിക്കവീട്ടിൽ അജ്മൽ(24), നടത്തറ സ്വദേശി ചുളയില്ലാപ്ലാക്കൽ വീട്ടിൽ ഷെറിൻ(31), അന്തിക്കാട് സ്വദേശി വടക്കൻതുള്ളി വീട്ടിൽ ആരോമൽ(24) എന്നിവരെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അജ്മലാണ് സൂത്രധാരൻ. ചേരാനല്ലൂർ സിഗ്നൽ ജംഗ്ഷനിൽ നിന്നും തൃശൂർ റെയിൽവേസ്റ്റേഷനു സമീപത്തുള്ള ഹോട്ടലിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ

സജിത്ത്(24), അജ്മൽ(25), ഫാസിൽ(20), നിജിൽ(25) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.

റെന്റ് എ കാർ സ്ഥാപനത്തിൽ നിന്നും 13ന് ഇന്നോവ ക്രിസ്റ്റ കാറാണ് പ്രതികൾ വാടകയ്‌ക്കെടുത്ത് മറിച്ചു വിറ്റത്. തൊട്ടടുത്ത ദിവസം തിരിച്ചേൽപ്പിക്കാമെന്നായിരുന്നു കരാർ. വാഹനം തിരിച്ച് ഏൽപ്പിക്കാതായതോടെ കമ്പനി അധികൃതർ നടത്തിയ അന്വേഷണത്തിൽ വാഹനത്തിൽ ഘടിപ്പിച്ച ജി.പി.എസ്. സിസ്റ്റം വേർപ്പെടുത്തി കടത്തിയതായി തിരിച്ചറിഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകി.

നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായവർ. എളമക്കര എസ്.എച്ച്.ഒ. സുഭാഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനുമോൻ, ഫൈസൽ, എസ്.ഐ. സുബൈർ, സീനിയർ സി.പി.ഒ. രാജേഷ്, സി.പി.ഒ. മധുസൂദനൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.