anantham-72

ആലങ്ങാട്: പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയതിനെ തുടർന്ന് പൊലീസ് സംസ്കാരം തടഞ്ഞ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. നീറിക്കോട് തേവാരപ്പിള്ളി വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ ആനന്ദം (72) ആണ് ഞായറാഴ്ച രാത്രി മരിച്ചത്.
മകനോടൊപ്പം താമസിച്ചിരുന്ന ആനന്ദം വീഴ്ചയിൽ തലയ്ക്ക് പരിക്കുപറ്റി ഏതാനുംദിവസമായി ചികിത്സയിലായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ ഞായറാഴ്ച രാത്രിയോടെ മരിച്ചു.

മകന്റെ മർദ്ദനത്തിലാണ് ഇവരുടെ തലയ്ക്ക് പരിക്കുപറ്റിയെതെന്നാണ് നാട്ടുകാരുടെ ആരോപണം. ആലങ്ങാട് ഇൻസ്‌പെക്ടർ മൃദുൽകുമാർ, എസ്.ഐ. അജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ സംസ്‌കാരം നടത്താവൂ എന്ന് ബന്ധുക്കൾക്ക് നിർദേശം നൽകി. പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.