
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഉന്നത വ്യക്തികളുടെ പേരു പുറത്തു വന്നപ്പോഴാണ് ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരുപറയാൻ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഇ.ഡിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ നൽകിയ ഹർജിയിലാണ് രാധാകൃഷ്ണൻ മറുപടി സത്യവാങ്മൂലം നൽകിയത്. ഇ.ഡിക്കെതിരായ കേസ് റദ്ദാക്കണമെന്ന രാധാകൃഷ്ണന്റെ ഹർജി ദുരുദ്ദേശ്യപരമാണെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി വിശദീകരണം നൽകിയിരുന്നു.
ഇ.ഡിക്കെതിരെ കേസ് എടുത്തത് നിയമവാഴ്ചയെ അട്ടിമറിക്കുമെന്നും അന്വേഷണത്തെ തടസപ്പെടുത്തുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. വ്യക്തിയെന്ന നിലയിലല്ല, അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയ്ക്കാണ് ഹർജി നൽകിയത്. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ദുരുദ്ദേശ്യത്തോടെ കേസെടുത്തതു ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ അവകാശമുണ്ട്. ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്നയടക്കമുള്ള പ്രതികളാരും കോടതിയിൽ പരാതി നൽകിയിട്ടില്ല. 2020 ആഗസ്റ്റ് 12,13 തീയതികളിൽ ഇ.ഡി ഉദ്യോഗസ്ഥർ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ നൽകിയ മൊഴി കളവാണ്. ശിവശങ്കർ ജാമ്യത്തിലിറങ്ങിയശേഷം കേസ് അട്ടിമറിക്കാൻ സർക്കാർ കേസെടുത്തത് യാദൃച്ഛികമല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഹർജി ഇന്നു പരിഗണിക്കും
ഇ.ഡിക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ മാറ്റി. ഇന്നലെ ഹർജിയെടുത്തപ്പോൾ ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അസൗകര്യം വ്യക്തമാക്കി ഹർജി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചെങ്കിലും അന്വേഷണം തുടരുകയാണെന്നും ഇതനുവദിക്കരുതെന്നും തുഷാർ മേത്ത ആവശ്യപ്പെട്ടു. കേന്ദ്ര അന്വേഷണ ഏജൻസിയും സംസ്ഥാനത്തെ ഒരു അന്വേഷണ ഏജൻസിയും തമ്മിലുള്ള കേസാണിത്. ഇരുകൂട്ടരും നീതിപൂർവം പെരുമാറണമെന്നും തുഷാർ മേത്ത പറഞ്ഞു.
സ്വർണക്കടത്ത് : സന്ദീപ് ഉൾപ്പെടെ അഞ്ചു
പ്രതികളെ മാപ്പുസാക്ഷികളാക്കി
എൻ.ഐ.എ കേസിൽ സന്ദീപിന് ജാമ്യം
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യപ്രതി സന്ദീപ് നായർ, മുഹമ്മദ് അൻവർ, മുസ്തഫ, അബ്ദുൾ അസീസ്, നന്ദഗോപാൽ എന്നിവരെ എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി മാപ്പുസാക്ഷികളാക്കി. ഇവർ മാപ്പുസാക്ഷികളാകാൻ നൽകിയ അപേക്ഷയും കുറ്റസമ്മത മൊഴിയും കണക്കിലെടുത്താണ് നടപടി. നയതന്ത്ര ചാനൽ വഴി നടത്തിയ സ്വർണക്കടത്തിന്റെ ഗൂഢാലോചനയിലടക്കം പങ്കുള്ള മുഖ്യപ്രതിയാണ് സന്ദീപ് നായർ.
ബംഗളൂരുവിൽ നിന്ന് സ്വപ്നയ്ക്കൊപ്പം അറസ്റ്റിലായ സന്ദീപിനെതിരെ എൻ.ഐ.എ കുറ്റപത്രം നൽകിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സമർപ്പിച്ച ജാമ്യഹർജി കോടതി അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് വ്യവസ്ഥ. ജാമ്യം ലഭിച്ചെങ്കിലും കോഫെപോസ പ്രകാരം കരുതൽ തടങ്കലിൽ കഴിയുന്നതിനാൽ സന്ദീപിനു പുറത്തിറങ്ങാൻ കഴിയില്ല. മറ്റു നാലുപ്രതികളും സ്വർണക്കടത്തിനു പണം നിക്ഷേപിച്ചവരാണ്.
ഇ.ഡിക്കെതിരെ പരാതി നൽകിയിട്ടില്ലെന്ന്
സന്ദീപിന്റെ അഭിഭാഷക
കൊച്ചി: തന്റെ പരാതിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) ക്രൈംബ്രാഞ്ച് രണ്ടാമത്തെ കേസെടുത്തതെന്ന വാദം തെറ്റാണെന്ന് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ അഭിഭാഷക പി.വി.വിജയം. ഇ.ഡിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടില്ല. സന്ദീപ് ജയിൽ സൂപ്രണ്ട് മുഖേന കോടതിക്ക് മാത്രമാണ് പരാതി നൽകിയിട്ടുള്ളത്. ആ പരാതിയുടെ കോപ്പി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ക്രൈംഞ്ച്രാഞ്ചിന് എങ്ങനെ കേസെടുക്കാനാകും? ഇതിനെതിരെ സി.ജെ.എം കോടതിയെ സമീപിക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. സന്ദീപിന്റെ കേസുകളെല്ലാം കൈകാര്യം ചെയ്യുന്നത് താനാണ്. ക്രൈംബ്രാഞ്ച് പറയുന്ന അഭിഭാഷകൻ സുനിൽകുമാറിനെ അറിയില്ല. ഇന്നലെ ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥർ വിളിച്ചിരുന്നെങ്കിലും ഫോണെടുക്കാൻ സാധിച്ചില്ലെന്നും വിജയം കേരളകൗമുദിയോട് പറഞ്ഞു.
കേന്ദ്ര ഏജൻസികൾ അന്വേഷണം തുടരും: വി.മുരളീധരൻ
കൊച്ചി: സംസ്ഥാന സർക്കാരിനു കീഴിലുള്ള ക്രൈംബ്രാഞ്ച് സ്വീകരിക്കുന്ന നടപടികൾ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് തടസമാകില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. കേന്ദ്ര ഏജൻസികൾ നടത്തുന്നത് നിയമാനുസൃതമായ അന്വേഷണമാണ്. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ഇത്തരം ഓലപ്പാമ്പുകളെ പേടിക്കേണ്ടതുള്ളൂ. കേന്ദ്ര ഏജൻസികൾ ഇതുവരെ കാര്യക്ഷമമായി എങ്ങിനെയാണോ പ്രവർത്തിച്ചത്, അതേ രീതിയിൽ പ്രവർത്തനം തുടരും.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന് സ്വതന്ത്രമായ നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇടതു മുന്നണി ഇത് വിവാദമാക്കുന്നത് വോട്ട് ലക്ഷ്യം വെച്ചാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ സംസ്ഥാനത്ത് എൻ.ഡി.എ. ശക്തമായ മുന്നേറ്റം നടത്തുമെന്നും മുരളീധരൻ പറഞ്ഞു. എറണാകുളം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ നടന്ന റോഡ് ഷോയിൽ പങ്കെടുക്കവെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.