
കോലഞ്ചേരി: വീടുകളിലെത്തിയുള്ള വോട്ടെടുപ്പിൽ വോട്ടുശേഖരിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ സഞ്ചിയെക്കുറിച്ചാണ് ഇപ്പോൾ മുന്നണികൾക്ക് ആശങ്ക. വീടുകളിൽ കഴിയുന്ന ഭിന്നശേഷിക്കാർ, 80 വയസ്സ് കഴിഞ്ഞവർ,കൊവിഡ് രോഗികൾ, ക്വാറന്റൈനിലുള്ളവർ എന്നിവർക്കാണ് വീടുകളിലിരുന്ന് വോട്ട് ചെയ്യാവുന്നത്. മൂന്ന് പോളിംഗ് ഉദ്യോഗസ്ഥർ, ഒരു ബൂത്ത് ലെവൽ ഓഫിസർ, ഒരു പൊലീസുകാരൻ, ഒരു വീഡിയോഗ്രാഫർ എന്നിവരടങ്ങുന്ന സംഘമാണ് ഓരോ ദിവസവും 25 വീടുകളിൽ കയറി വോട്ടു ചെയ്യിക്കുന്നത്. ഓരോ മണ്ഡലത്തിലും 30 സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. ബൂത്ത് ലെവൽ ഓഫിസറുടെ കൈവശമുള്ള പട്ടികയുടെ സഹായത്തോടെയാണ് വോട്ടെടുപ്പ്. ഓപ്പൺ വോട്ടു ചെയ്യുകയാണോ, അതോ സ്വയം വോട്ടുചെയ്യാനുള്ള ആരോഗ്യസ്ഥിതിയും കാഴ്ചയുമുണ്ടോ എന്ന് ഉദ്യോഗസ്ഥൻ ചോദിച്ച് ഉറപ്പിച്ച ശേഷമാണ് വോട്ടിംഗ്. തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷം ബാലറ്റ് പേപ്പർ നൽകും. സ്വകാര്യത ഉറപ്പാക്കാൻ ഒരു താൽക്കാലിക മറ സ്ഥാപിക്കും. വോട്ടുചെയ്ത ശേഷം അത് കവറിലാക്കി അരക്ക് ഉരുക്കിയൊഴിച്ചു സീൽ ചെയ്യും. സീൽ ചെയ്ത ബാലറ്റ് പേപ്പർ ഇലക്ഷൻ കമ്മിഷൻ നൽകിയ സഞ്ചിയിലാണ് നിക്ഷേപിക്കുന്നത്. ഇങ്ങനെ എല്ലാ അപേക്ഷകരുടെയും വീടുകളിൽ കയറി വോട്ടുശേഖരിക്കും. വോട്ടുചെയ്ത ബാലറ്റ് പേപ്പർ നിക്ഷേപിക്കുന്ന സഞ്ചി വൈകിട്ട് റിട്ടേണിംഗ് ഓഫിസർക്കു കൈമാറുന്നതുവരെ വാഹനത്തിലുള്ള ആർക്കും തുറക്കുകയോ അടയ്ക്കുകയോ സാധനങ്ങൾ നീക്കുകയോ ചെയ്യാമെന്നതാണ് പ്രധാന ആരോപണം. സിബ്ബുള്ള ഒരു തുണിസഞ്ചിയാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. സഞ്ചിയിൽ വ്യാജവോട്ടുകൾ വീണേക്കുമോ എന്നാണ് മുന്നണികളുടെ ആശങ്ക. സ്ഥാനാർത്ഥികളെ മുൻകൂട്ടി അറിയിച്ച ശേഷമാണ് പോളിംഗ് ടീം എത്തേണ്ടതെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശമുണ്ട്. എന്നാൽ പലയിടത്തും ഉദ്യോഗസ്ഥർ അറിയിക്കുന്നില്ലെന്നും പരാതിയുണ്ട്.