covid-

കോലഞ്ചേരി: മാസ്‌കിട്ട്, ഗ്യാപ്പിട്ട്, സോപ്പിട്ട് വോട്ടിടണം. കൊവിഡ് വ്യാപന ഭീതി നിലനിൽക്കെ വന്നെത്തിയെ തിരഞ്ഞെടുപ്പ് സുഗമമാക്കാനുള്ള നിർദേശളിൽ ഒന്നാണിത്. എന്നാൽ പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ പ്രവർത്തകരും നേതാക്കളും ഇതെല്ലാം മറന്നു. മാസ്‌കും ഗ്യാപ്പും ഔട്ടായി. എങ്ങും സോപ്പിട്ട് വോട്ട്പിടിത്തമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം ഹസ്തദാനം പോലും പാടില്ലെന്നാണ് ആരോഗ്യവകുപ്പ് നിർദേശം. എന്നാൽ വീടുവീടാന്തരം കയറി ഇറങ്ങുന്ന മുന്നണി പ്രവർത്തകർ പലരും ഇത് മറന്നു. വോട്ടുറപ്പിക്കാനുള്ള യാത്രയിൽ ഷെയ്ക്ക് ഹാൻഡ് നൽകിയും പോരെങ്കിൽ കെട്ടിപ്പിടിച്ചും വോട്ടുറപ്പിക്കുന്ന പഴയ രീതിയിലേക്ക് കാര്യങ്ങൾ മാറി. വോട്ടുറപ്പിക്കാനുള്ള യാത്രയിലും മാനദണ്ഡങ്ങൾ തെറ്റുന്നു. വോട്ട് തേടി വീടുകൾ കയറുന്നത് ഒരു സംഘം തന്നെയാണ്. അഞ്ച് പേർ മാത്രമെ വീടുകൾ കയറിയുള്ള പ്രചാരണത്തിന് അനുമതിയുള്ളൂ എന്നിരിക്കെയാണിത്. ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന രീതിയിലാണ് സ്ക്ക്വാഡുകളുടെ വരവ്. പലരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടുബോധിച്ച പല വീട്ടുകാരും മുറ്റത്ത് സാനി​റ്റൈസർ തന്നെ സ്ഥാപിച്ചു കഴിഞ്ഞു. ചില വീടിന്റെ മു​റ്റത്ത് ബക്ക​റ്റും സോപ്പുമാണ് സ്ഥാനം പിടിച്ചിട്ടുള്ളത്.