
കൊച്ചി: സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ നിന്ന് വേറിട്ട വിഷയങ്ങളും കൂട്ടായ്മകളും കൊണ്ട് വ്യത്യസ്തമായി ജില്ലയിലെ തിരഞ്ഞെടുപ്പ് അങ്കം മുറുകുകയാണ്. ട്വന്റി 20യും വി ഫോർ കൊച്ചിയും പോലുള്ള കൂട്ടായ്മകൾ തിരഞ്ഞെടുപ്പ് പോരിനിറങ്ങുമ്പോൾ ചിലയിടങ്ങളിലെങ്കിലും മുന്നണികളുടെ ഉറക്കം നഷ്ടപ്പെടുന്നു.
അടിതടകളുമായി പ്രചാരണം
പാലാരിവട്ടം പാലത്തിലെ അഴിമതി സൂചിപ്പിച്ച് എൽ.ഡി.എഫ് കൊണ്ടുവന്ന പഞ്ചവടി പാലം പോസ്റ്ററും തിരിച്ചടിച്ച് സക്കീർ ഹുസൈനെതിരായ നടപടികൾ സൂചിപ്പിച്ച് യു.ഡി.എഫ് ഇറക്കിയ മാഫിയ പോസ്റ്ററുകളുമായി കളമശ്ശേരിയിൽ പ്രചാരണം ചൂടുപിടിച്ച് കഴിഞ്ഞു. ഇവിടെ മുസ്ലിംലീഗിലെ പ്രശ്നങ്ങൾ പരിഹരിച്ച് കഴിഞ്ഞുവെന്ന് പറയുമ്പോഴും വിമതർ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ നടത്തുന്ന രഹസ്യ പ്രചാരണവും മണ്ഡലത്തിൽ വലിയ പ്രതികരണമുണ്ടാക്കുന്നുണ്ട്. ജില്ലയിലെ തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് ശബരിമല സജീവ ചർച്ചയാക്കി യു.ഡി.എഫും എൻ.ഡി.എയും മുന്നോട്ട് പോകുന്നത്. തൃപ്പൂണിത്തുറയിലെ ജനപ്രതിനിധിയുടെ ഒരു പഴയ പരാമർശം പ്രചാരണായുധമാക്കുന്നതിൽ യു.ഡി.എഫും എൻ.ഡി.എയും തമ്മിൽ പോര് നിലനിൽക്കുകയും ചെയ്യുന്നു. വൈപ്പിൻ, കൊച്ചി പോലുള്ള മണ്ഡലങ്ങളിൽ ആഴക്കടൽ മത്സ്യബന്ധന കരാറും ചൂടുള്ള ചർച്ചയാണ്.
അവസാന ലാപ്പിൽ സമുദായ പിന്തുണയുറപ്പിച്ച്
ജില്ലയിലെ പ്രബല സമുദായങ്ങളായ ലത്തീൻ കത്തോലിക്ക, യാക്കോബായ, റോമൻ കത്തോലിക്ക സഭകളുടെ കേന്ദ്രങ്ങളിൽ രാഷ്ട്രീയ നേതാക്കളുടെ സന്ദർശനങ്ങൾ ഈ അവസാന ഘട്ടങ്ങളിലും തുടരുന്നു. എറണാകുളം മണ്ഡലത്തിൽ ലത്തീൻ വിഭാഗത്തിന്റെ പിന്തുണ ഇത്തവണയു.ഡി.എഫ് മാത്രമല്ല എൽ.ഡി.എഫും അവകാശപ്പെടുന്നു. മണ്ഡലത്തിൽ എൽ.ഡി.എഫ് ആദ്യം നിശ്ചയിച്ച സ്ഥാനാർത്ഥിയെ മാറ്റിയത് ഇതിന്റെ ഭാഗമാണെന്നാണ് നിശബ്ദ പ്രചാരണം. സമുദായ പേടിയും ജില്ലയിലെ പ്രചാരണത്തിൽ നിർണായകമാകും. യാക്കോബായ സഭയുടെ സ്വാധീനമുള്ള പെരുമ്പാവൂരും പിറവവും ഇത്തവണ കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകി സി.പി.എം തലയൂരിയതായും അണിയറയിൽ സംസാരമുണ്ട്. പള്ളി തർക്കത്തിൽ സർക്കാർ ഇടപെടലിൽ അതൃപ്തിയുള്ള സഭയുടെ അപ്രീതി പേടിച്ചാണെന്നാണ് ആരോപണം. യാക്കോബായ വോട്ടുകളിൽ എൻ.ഡി.എയും പ്രതീക്ഷ വെച്ചു പുലർത്തുന്നു. വിവിധ സഭാ കേന്ദ്രങ്ങളിൽ കർണ്ണാടക ഉപമുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ബി.ജെ.പി സംഘവും സന്ദർശനം തുടരുകയാണ്.
പുതുമുഖങ്ങളിലൂടെ അട്ടിമറി പ്രതീക്ഷിച്ച്
എൽ.ഡി.എഫ് ആലുവയിലും തൃക്കാക്കരയിലുമിറക്കിയ പ്രൊഫഷണലുകളായ പുതുമുഖങ്ങളിൽ പ്രതീക്ഷയർപ്പിച്ച് പ്രചാരണം കൊഴുപ്പിക്കുന്നു. 21 വർഷക്കാലം എം.എൽ.എയായിരുന്ന കെ.മുഹമ്മദലിയുടെ മകന്റെ ഭാര്യ ഷെൽനയുടെ ആലുവയിലെ പോരാട്ടം ശക്തമാണ്. പാവപ്പെട്ടവരുടെ ഡോക്ടറെന്നറിയപ്പെടുന്ന അസ്ഥിരോഗ വിദഗ്ദ്ധൻ ഡോ.ജെ.ജേക്കബ്ബാണ് തൃക്കാക്കരയിലെ സ്ഥാനാർത്ഥി. ഇവരിലൂടെ രണ്ട് മണ്ഡലങ്ങളും പിടിക്കാനായി പോരാട്ടം കനപ്പിക്കുകയാണ്.
പോര് കടുപ്പിക്കാൻ ദേശീയ നേതൃപട
ഇരട്ട വോട്ടും ഭക്ഷ്യകിറ്റ്, പെൻഷൻ വിതരണവും കേന്ദ്ര ഏജൻസികളും ഇ.ഡിക്കെതിരായ കേസും ആഴക്കടൽ കരാറും എന്ന് വേണ്ട സകല വിഷയങ്ങളുമായി ദേശീയ നേതാക്കളുടെ പട തന്നെ ജില്ലയിലെത്തി. രാഹുൽ ഗാന്ധി, അമിത് ഷാ, രാജ്നാഥ് സിംഗ്, പിയൂഷ് ഗോയൽ, വി മുരളീധരൻ ,സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എസ്.രാമചന്ദ്രൻ പിള്ള, രൺജിത് സിംഗ് സുർജേവാല, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ ജില്ലയിലെത്തി കഴിഞ്ഞു. ഇനിയും ഒരു വലിയ നിര തന്നെ എത്തിച്ചേരും.