വൈപ്പിൻ: എൽ.ഡി.എഫ് സർക്കാരിന്റെ ഭരണത്തുടർച്ച രാജ്യത്തെ തൊഴിലാളികളുടെ ചെറുത്തുനിൽപിന് കരുത്താകുമെന്ന് സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ഉണ്ണിക്കൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗോശ്രീ ജംഗ്ഷനിൽ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു. മതനിരപേക്ഷതയും സമാധാനവും തകർക്കുന്ന ഭരണവർഗത്തിനെതിരായ പോരാട്ടത്തിലാണ് തൊഴിലാളികൾ. കോർപറേറ്റുകൾ വളരുകയാണ്. കൊവിഡ് കാലത്തുപോലും അവരുടെ വരുമാനം 40 ശതമാനം വർദ്ധിച്ചു. യു.പി.എ സർക്കാരിന്റെ കാലത്ത് ആരംഭിച്ച അതേ ജനവിരുദ്ധ നയങ്ങൾ കൂടുതൽ ശക്തമായി പിന്തുടരുകയാണ് ബി.ജെ.പി സർക്കാരുമെന്ന് അദ്ദേഹം പറഞ്ഞു.
പുതുവൈപ്പിൽ നിന്ന് കാവടിയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ആരംഭിച്ച പ്രകടനം ഗോശ്രീ ജംഗ്ഷനിൽ സമാപിച്ചു. എസ്.ശർമ എം.എൽ.എ, ഇ.സി.ശിവദാസ്, അഡ്വ. മജ്‌നു കോമത്ത്, പി.വി. ലൂയിസ്, എം.പി. പ്രശോഭ് എന്നിവർ സംസാരിച്ചു.