fireforce

മൂവാറ്റുപുഴ: പായിപ്ര എസ്റ്റേറ്റ് പടിയിലെ ഗ്രാൻഡ് വുഡ് പ്രൊഡക്‌സ് എന്ന പ്ളൈവുഡ് കമ്പനി ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെ പൂർണമായും കത്തി നശിച്ചു. പെരുമ്പാവൂർ കണ്ടന്തറ പത്തനായത്ത് പി.കെ. ഷഫീക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. എട്ട് കോടിയോളം രൂപയുടെ നഷ്ടമുണ്ടെന്ന് ഉടമ പറഞ്ഞു.

കമ്പനി പ്രവർത്തിച്ചിരുന്ന ഷെഡ്ഡ്, പ്ലൈവുഡ്, വിനീർ മെഷീൻ തുടങ്ങിയവയെല്ലാം കത്തിപ്പോയി. ഷോർട്ട് സർക്യൂട്ട് ആകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒന്നര വർഷം മുമ്പ് സ്ഥാപിച്ച കമ്പനി കൊവിഡ് മൂലം പ്രതിസന്ധി നേരിടവേയാണ് ദുരന്തം എത്തിയത്.

ചൊവ്വാഴ്ച പുലർച്ചെ വിവരമറിഞ്ഞ ഉടൻ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിനെ വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ലെന്ന് ഉടമ പരാതിപ്പെട്ടു. തുടർന്ന് പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസാണ് ഫയർ ഫോഴ്‌സിനെ വിളിച്ചുവരുത്തിയത്. സ്ഥലത്തെത്തിയ ഫയർ ഫോഴ്‌സിന്റെ വാഹനത്തിൽ നിന്ന് പമ്പിംഗ് സംവിധാനത്തിലെ തകരാർമൂലം വെള്ളം പമ്പ് ചെയ്യാനുമായില്ല. പിന്നീട് പിറവം, കോലഞ്ചേരി, പട്ടിമറ്റം എന്നിവിടങ്ങളിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയതെന്നും ഉടമ പറഞ്ഞു.

അതേസമയം, പരാതിക്ക് അടിസ്ഥാനമില്ലെന്ന് മൂവാറ്റുപുഴ ഫയർഫോഴ്സ് അറിയിച്ചു. ഫോണിലൂടെ വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. പിറവം, കല്ലൂർക്കാട്, കോതമംഗലം, പെരുമ്പാവൂർ, ആലുവ എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് സംഘത്തെ വിളിച്ചുവരുത്തി. നൂറോളം ലോഡ് വെള്ളം അടിച്ചതിനെ തുടർന്നാണ് തീ അണയ്ക്കാനായത്. ഫയർ ഓഫീസർമാരായ സുരേഷ് എം.എസ്, ജോൺ ജി.പ്ലാക്കൽ, കരുണാകരപിള്ള എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.