കൊച്ചി: കാൻസർ സെന്ററിന്റെ പുതിയ കഷ്ടകാലത്തിന് പിന്നിൽ ഗ്രൂപ്പുകളി. കൊച്ചിൻ കാൻസർ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടർ ഡോ. മോനി കുര്യാക്കോസ് സ്ഥാനം ഒഴിയുന്നത് കാൻസർ സെന്ററിലെ ഉന്നത ജീവനക്കാരുടെ നിസഹകരണത്തെയും പാരവയ്പ്പുകളെയും തുടർന്നാണെന്ന് വ്യക്തമായി.
പ്രശസ്ത ഓങ്കോളജി സർജനായ മോനി കുര്യാക്കോസ് മൂന്ന് വർഷത്തെ കരാർ അവസാനിച്ചാണ് ഇന്ന് പടിയിറങ്ങുന്നത്. ഉന്നത പദവികൾവേണ്ടെന്ന് വച്ച് മൂന്ന് വർഷം മുമ്പ് അദ്ദേഹം ഇവിടെ സ്ഥാനമേറ്റതോടെയാണ് കാൻസർ സെന്ററിന് ജീവൻവച്ചത്. രോഗികൾക്കും പ്രിയപ്പെട്ടവനായിരുന്നു ഡോക്ടർ. പക്ഷേ സമയവും അവധികളുമൊന്നും പരിഗണിക്കാതെ ജോലി ചെയ്യുകയും മറ്റുള്ളവരെ കൃത്യമായി ജോലി ചെയ്യിപ്പിക്കാൻ ശ്രമിച്ചതുമാണ് പ്രബലരായ മുതിർന്ന ജീവനക്കാരുടെ കണ്ണിൽ
ഡോക്ടർ കരടാകാൻ കാരണം.
മാർച്ചിൽ സ്ഥാനം ഒഴിയുന്ന കാര്യം കഴിഞ്ഞ നവംബറിൽ ഡോക്ടർ സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ ഇത്രയും മാസം സമയം ഉണ്ടായിട്ടും സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ല.
മോനി കുര്യാക്കോസിന്റെ രീതികളോട് അനിഷ്ടം തോന്നിയ മറ്റുള്ളവർ പലതരത്തിലെ തടസങ്ങളുമായി ഓരോ പദ്ധതികളിലും നിന്നു. ഇതാണ് ഡോക്ടർ രണ്ടാമത് ചിന്തിക്കാതെ സ്ഥാനം ഒഴിയാൻ കാരണം.
2018 ഏപ്രിൽ രണ്ടിനാണ് ഡോ.മോനി കുര്യാക്കോസ് ഡയറക്ടറായി സ്ഥാനം ഏൽക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ വലിയ സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. കിടത്തി ചികിത്സ ആരംഭിച്ചതും കാൻസർ സർജറികൾ ആരംഭിച്ചതും എടുത്തു പറയാവുന്ന നേട്ടങ്ങളാണ്. കൊവിഡ് കാലത്ത് മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ തിയറ്റർ പ്രവർത്തിക്കാതായപ്പോൾ ശസ്ത്രക്രിയകൾ മുടങ്ങാതിരിക്കാൻ കടവന്ത്ര സഹകരണ ആശുപത്രിയിൽ സൗകര്യങ്ങൾ ഒരുക്കിയത് പാവപ്പെട്ട രോഗികൾക്ക് വലിയ സഹായമായിരുന്നു. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. ഇതിനായി അദ്ദേഹം ഓഫീസുകൾ കയറി ഇറങ്ങുകയും എല്ലാ തിങ്കളാഴ്ചയും നിർമ്മാണ സ്ഥലം സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. മറ്റൊരു കാൻസർ ആശുപത്രിയിലും ഇല്ലാത്തത് പോലെ ഒരേ സമയം 4 രോഗികൾക്ക് ആധുനിക റേഡിയേഷൻ ചികിത്സ നൽകാൻ കഴിയുന്ന വിധത്തിൽ 4 ലീനിയർ ആക്സിലറേറ്ററി മഷീൻ വിദേശത്തു നിന്നും ഇറക്കുമതി ചെയ്തതിന് പിന്നിലും ഇദ്ദേഹമാണ്.
വളരെ നീണ്ട അന്വേഷണങ്ങൾക്ക് ശേഷമാണ് കാൻസർ സെന്ററിലേക്ക് ഒരു കാൻസർ ചികിത്സാ വിദഗ്ധനെ ഡയറക്ടറായി ലഭിച്ചത്. അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകളും തുടക്കം മുതൽ ആശുപത്രി സൂപ്രണ്ടുമായി നിലനിന്ന അസ്വാരസ്യങ്ങളും എന്നും കല്ലുകടി സൃഷ്ടിച്ചു. ഡോക്ടറെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് കൃഷ്ണയ്യർ മൂവ്‌മെന്റ് ഭാരവാഹികൾ പറഞ്ഞു.