കൊച്ചി: കൊതുകിനെതിരെ കൊടുവാളുമായി 222 അംഗങ്ങളുടെ പടയൊരുക്കം. നഗരത്തിലെ കൊതുകുജന്യ രോഗങ്ങളും കൊതുകിന്റെ ശല്യവും തടയുന്നതിന് നഗരസഭ ആവിഷ്കരിച്ച ഹീൽ പദ്ധതിയുടെ ഭാഗമാണ് കൊതുകുനശീകരണ സ്ക്വാഡ് എന്ന പുതിയ സംവിധാനം. സ്‌ക്വാഡിന്റെ പ്രവർത്തനത്തിന് ഇന്നലെ സുഭാഷ് പാർക്കിൽ തുടക്കം കുറിച്ചു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.അഷറഫ്, നഗരാസൂത്രണ സമിതി ചെയർമാൻ ജെ. സനിൽമോൻ, കൗൺസിലർമാരായ ആന്റണി കുരീത്തറ, ഷൈല തദ്ദേവൂസ്, ഡോ.ഷൈലജ, കെ.മനാഫ്, സോണി കെ ഫ്രാൻസിസ്, എസ്.ശശികല, ജീജ ടെൻസൺ, ഹെൽത്ത് ഓഫീസർ വിൽസൺ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

222 തൊഴിലാളികളാണ് സ്ക്വാഡിൽ ഉള്ളത്. മുഴുവൻ തൊഴിലാളികൾക്കും ആവശ്യമായ യൂണിഫോം, മാസ്‌ക് എന്നിവ വിതരണം നഗരസഭ ചെയ്തു. കൊതുക് നിർമാർജന ബോധവത്കരണത്തിന്റെ ഭാഗമായി ബിറ്റ് നോട്ടീസും, ചോദ്യാവലിയും വീടുകളിൽ വിതരണം ചെയ്തുകഴിഞ്ഞു. നഗരത്തിലെ കക്കൂസുകളുടെ വെന്റ് പൈപ്പുകൾ പൊതിയുന്നതിനാവശ്യമായ നെറ്റും നൽകിയിട്ടുണ്ട്. ഓരോ ഡിവിഷനിലേക്കും ഒരു ലക്ഷം രൂപ വീതം നഗരസഭ അനുവദിക്കും. ആദ്യപടിയായി 25000 രൂപയും നൽകി. നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി രൂപകൽപ്പന ചെയ്യുന്നത്. പൊതുജനങ്ങളുടെ കൂടി പങ്കാളിത്തത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. കൊതുകില്ലാത്ത കൊച്ചി എന്ന നഗരവാസികളുടെ ചിരകാല അഭിലാഷം ഈ പദ്ധതികൊണ്ട് പ്രാവർത്തികമാക്കാൻ സാധിക്കുമെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നത്.