umman-chandi
ആലുവ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർസാദത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അത്താണിയിൽ നടന്ന പൊതുസമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു

നെടുമ്പാശേരി: കേരളത്തിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും പിണറായി സർക്കാർ നാണക്കേടുണ്ടാക്കിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിച്ചു. ആലുവ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അത്താണിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. സമ്പൂർണ അഴിമതിയും ധൂർത്തും മാനക്കേടുമാണ് ഇടത്‌സർക്കാരിന്റെ ഭരണ നേട്ടമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

അഞ്ച് കൊല്ലം ഭരിച്ച സർക്കാർ കേരളത്തിന്റെ കടം 108 ശതമാനം വർദ്ധിപ്പിച്ചു. കടം വാങ്ങിയ തുക നേരായ മാർഗത്തിൽ ചെലവഴിച്ചിരുന്നെങ്കിൽ ജനങ്ങൾക്ക് പരാതി ഉണ്ടാകുമായിരുന്നില്ല. എന്നാൽ ധൂർത്തിനും പാഴ്‌ചെലവിനും അഴിമതിക്കുമാണ് ചെലവഴിച്ചത്. ഇവർ അഞ്ച് വർഷം കൂടി ഭരിച്ചാൽ കേരളത്തിന്റെ അവസ്ഥ എന്താകുമെന്ന് ഉമ്മൻചാണ്ടി ചോദിച്ചു. നുണപ്രചരണത്തിന് മാത്രം 150 കോടിയാണ് ചെലവഴിച്ചത്. ഒരു ഫോട്ടോ വച്ച് അഞ്ച് വോട്ട് ചെയ്യാനുള്ള തന്ത്രമാണ് ഒടുവിൽ കണ്ട് പിടിച്ചിട്ടുള്ളത്. തുടർ ഭരണത്തിന് വേണ്ടി പല തന്ത്രങ്ങളും പ്രയോഗിക്കും. അതിനാൽ കൂടുതൽ ജാഗ്രതയോടെയായിരിക്കണം തിരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

മണ്ഡലം ചെയർമാൻ ടി.എ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, നേതാക്കളായ വി.പി. ജോർജ്, എം.ഒ. ജോൺ, എം.എ.ചന്ദ്രശേഖരൻ, ജെബി മത്തേർ, കെ.പി.ധനപാലൻ, എസ്.എൻ. കമ്മത്ത്, ജെയ്‌സൺ ജോസഫ്, മുഹമ്മദ് ഷിയാസ്, ബാബു പുത്തനങ്ങാടി, എം.ജെ. ജോമി, എം.കെ.എ. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.