child-abuse

കൊച്ചി /കോട്ടയം: അസം സ്വദേശിയായ അഞ്ചു വയസുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവും അണുബാധയുമേറ്റ സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനം നടന്നതായാണ് സംശയം. ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടിയെ ചികിത്സിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും ഇക്കാര്യം സംശയിക്കുന്നു.

മാതാപിതാക്കളെ ചോദ്യം ചെയ്തെങ്കിലും സംശയിക്കത്തക്ക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അസമിലെ പ്രാദേശിക ഭാഷയാണ് ഇവർ സംസാരിക്കുന്നത്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പൊലീസ് വിവരങ്ങൾ തേടിയത്. ഇന്നലെ വൈകിട്ട് ശിശുക്ഷേമ സമിതി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയുടെ സഹോദരിയെയും സമിതി അംഗങ്ങൾ കണ്ടിരുന്നു.

വയറുവേദനയും വയർ വീർക്കുന്നതും മലദ്വാരത്തിലൂടെ രക്തം പോകുന്നതും ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കുട്ടിയെ വ്യാഴാഴ്ചയാണ് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് സന്നദ്ധ സംഘടന ഇടപെട്ട് മൂവാറ്റുപുഴ മെഡിക്കൽ സെന്ററിലേക്ക് മാറ്റി. ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സർജറി വിഭാഗത്തിലെ പരിശോധനയിലാണ് സ്വകാര്യ ഭാഗങ്ങളിൽ മുറിവും പരിക്കും കണ്ടത്. സ്‌കാനിംഗിൽ കുടലിലും മുറിവ് കണ്ടെത്തി. സംശയം തോന്നിയതോടെ ആശുപത്രി അധികൃതർ ഞായറാഴ്‌ച പൊലീസിനെ അറിയിച്ചു.

കോഴിമുട്ട കഴിച്ച് അണുബാധയേറ്റതാകാം വയറുവേദനയ്ക്ക് കാരണമെന്നാണ് മാതാപിതാക്കൾ കരുതിയത്. മൂവാറ്റുപുഴയിലെ കോഴിക്കടയിൽ ജീവനക്കാരനാണ് പിതാവ്. മൂന്ന് മക്കളാണ് ഇവർക്ക്. ഇയാളുടെ ആദ്യ ഭാര്യയിലെ കുട്ടിയാണ് ചികിത്സയിൽ കഴിയുന്നത്.

കുഞ്ഞിന്റെ നില ഗുരുതരം

കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കിയ ബാലിക തീവ്ര പരിചരണ വിഭാഗത്തിലാണ്. മലദ്വാരത്തിലും വൻകുടലിലും മുറിവുകളുണ്ട്. സ്വകാര്യ ഭാഗങ്ങളിൽ അടയാളങ്ങളും കണ്ടു. കുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായെന്ന നിഗമനത്തിലാണ് ഡോക്ടർമാർ. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആർ.എം.ഒ ഡോ. ജയപ്രകാശ് പറഞ്ഞു.