
കൊച്ചി: കൊവിഡ് സാഹചര്യത്തിൽ അനുവദിച്ച പോസ്റ്റൽ വോട്ടുകൾ വീടുകളിൽ നിന്ന് ശേഖരിച്ച് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്തു തന്നെ സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർത്ഥികളായ കെ. മുരളീധരൻ, ആനാട് ജയൻ, ദീപക് ജോയ് എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകി. വീടുകളിൽ നിന്ന് ശേഖരിച്ച ബാലറ്റുകൾ സുരക്ഷയില്ലാതെ റിട്ടേണിംഗ് ഒാഫീസർമാരുടെ പക്കലാണ് സൂക്ഷിക്കുന്നത്. ഇത് ക്രമക്കേടിന് ഇടയാക്കുമെന്ന് ഹർജിയിൽ പറയുന്നു.
പല റിട്ടേണിംഗ് ഒാഫീസർമാരും രാഷ്ട്രീയ ചായ്‌വുള്ളവരാണ് . ഇവരുടെ സഹായത്തോടെ പോസ്റ്റൽ വോട്ടുകളിൽ ക്രമക്കേടു നടത്തുമെന്ന് ആശങ്കയുണ്ട്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് 80 വയസിനുമേൽ പ്രായമുള്ളവർക്കും മറ്റുമാണ് പോസ്റ്റൽ വോട്ട് ചെയ്യാനുള്ള സൗകര്യം നൽകിയിട്ടുള്ളത്. ഒാരോ മണ്ഡലത്തിലും ഇത്തരം 4000 വോട്ടുകൾ വരെയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇൗ വോട്ടുകൾ വിജയം നിശ്ചയിക്കുന്ന ഘടകമാണെന്നും ഹർജിയിൽ പറയുന്നു. പോസ്റ്റൽ വോട്ടുകൾ ശേഖരിക്കാൻ പോളിംഗ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തുന്നതിനു മുമ്പു തന്നെ ഭരണകക്ഷിയിലെ രാഷ്ട്രീയക്കാർ എത്തുന്നുണ്ട്. രാഷ്ട്രീയ ചായ്‌വുള്ള ഉദ്യോഗസ്ഥർ ഇക്കാര്യം ഭരണത്തിലുള്ള പാർട്ടിയുടെ അംഗങ്ങളെ അറിയിക്കുന്നതിനാലാണിത്. മാർച്ച് 28 ന് പോസ്റ്റൽ വോട്ടിംഗ് തുടങ്ങിയെങ്കിലും ഇതുവരെ ഹർജിക്കാർക്കോ അവരുടെ പ്രതിനിധികൾക്കോ പോസ്റ്റൽ വോട്ട് ശേഖരിക്കുന്നതിന്റെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും എല്ലാ സ്ഥാനാർത്ഥികളുടെയും പ്രതിനിധികളെ ഇത് അറിയിക്കണമെന്നാണ് വ്യവസ്ഥയെന്നും ഹർജിയിൽ പറയുന്നു.