കൊച്ചി: തെളിഞ്ഞ ആകാശം പെട്ടെന്ന് ഇരുണ്ടുകൂടി. പിന്നെ മണിക്കൂറോളം നീണ്ടുനിന്ന പെരുമഴ. ഒപ്പം ശക്തമായ കാറ്റും. ഇക്കഴിഞ്ഞ 25ന് വൈകിട്ട് അപ്രതീക്ഷിതമായെത്തിയ വേനൽമഴയും കാറ്റും ചില്ലറ നഷ്ടമൊന്നുമല്ല ജില്ലയ്ക്കുണ്ടാക്കിയത്. തൊട്ടടുത്ത ദിവസങ്ങളിലും മഴ മുഖംകാട്ടി മടങ്ങി.എന്നാൽ കാര്യമായ കെടുതികളൊന്നും വരുത്തിയില്ല. മെയ് അവസാനം വരെ ഇങ്ങനെ ശക്തിയോടു കൂടിയ മഴയും കാറ്റും ഉറപ്പാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. 40 മുതൽ 50 കി.മി വേഗത്തിൽ കാറ്റിനും സാദ്ധ്യതയുണ്ട്. അതേസമയം അറബിക്കടലിൽ തെക്ക് പടിഞ്ഞാറായി രൂപം കൊണ്ട ന്യൂനമർദ്ധവും മഴയ്ക്ക് കാരണമാകും.
കിട്ടി, വേനൽമഴ
ശരാശരിയേക്കാൽ കൂടുതൽ മഴ ഇതുവരെ സംസ്ഥാനത്ത് ലഭിച്ചിട്ടുണ്ട്. ഇതേനില തുടർന്നാൽ കഴിഞ്ഞ വർഷത്തെ മഴ ലഭ്യതയെ മറികടക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ.മാർച്ച് ഒന്ന് മുതൽ ഇന്നലെ വരെ 39.4 മില്ലി മീറ്റർ വേനൽ മഴയാണ് കേരളത്തിലാകെ ലഭിച്ചത്.സാധാരണ 27.9 മില്ലി മീറ്റർ മഴയാണ് ലഭിച്ചിരുന്നത്. 9.5 മില്ലി മീറ്റർ അധികം. കഴിഞ്ഞ വേനലിൽ 40.4 മില്ലീമീറ്റർ മഴ ആകെ ലഭിച്ചത്. മേയ് 31 വരെയാണ് വേനൽ മഴയുടെ കാലഘട്ടം.
ചെറിയ ആശ്വാസം
കൊടുംചൂടിൽ വലയുന്ന ജില്ലയ്ക്ക് ആശ്വാസമാണ് വേനൽമഴ. ഒരാഴ്ചയായി ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഇടിയോടു കൂടിയ മഴ പെയ്തു. ഇന്നും നാളെയും മഴ തുടരാനാണ് സദ്ധ്യത. നഗരത്തിൽ ചെറിയ തോതിലാണ് മഴ പെയ്തതെങ്കിലും ജില്ലയുടെ കിഴക്കൻ മേഖലകളിൽ നല്ല തോതിൽ മഴ പെയ്തു. കനത്ത ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. സൂര്യാഘാതം അടക്കമുള്ള കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. രാത്രിയിലും ഉറങ്ങാനാവാത്ത വിധം ചൂട് വർദ്ധിച്ചിട്ടുണ്ട്. മഴ പെയ്യ്‌തെങ്കിലും ഉയർന്ന താപനിലയിൽ വലിയ മാറ്റമൊന്നും ഉണ്ടാവില്ലെന്നാണ് കാലാവസ്ഥാ വിദഗ്‌ദ്ധരുടെ അഭിപ്രായം. വരും ദിവസങ്ങളിൽ താപനില വർദ്ധിക്കാനാണ് സാദ്ധ്യത.
നല്ല വേനൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്. അതുപോലെ കാറ്റിനും. കഴിഞ്ഞ ദിവസം അറമ്പിക്കടലിന് തെക്ക് പടിഞ്ഞാറായി രൂപം കൊണ്ട ന്യൂനമർദ്ധവും മഴയ്ക്ക് സാദ്ധ്യത കൂട്ടുന്നുണ്ട്.
ഡോ. എസ്. അഭിലാഷ്,അസോസിയേറ്റ് ഡയറക്ടർ
റഡാർ സെന്റർ,കുസാറ്റ്
2021 മാർച്ച് 1 മുതൽ 29 വരെ ലഭിച്ച വേനൽ മഴ
കേരളം 44.1 - 29.3
ലക്ഷദ്വീപ് 9.3 -10.4