bloger

കൊച്ചി: കൊവിഡും പിന്നിട്ട് കുതിക്കുന്ന കേരള ടൂറിസത്തിന്റെ അതിജീവനം അനുഭവിച്ചറിഞ്ഞ് കേരള ബ്ലോഗ് എക്‌സ്‌പ്രസ് യാത്ര പൂർത്തിയായി. ടൂറിസത്തിന്റെ തിരിച്ചുവരവ് നവമാദ്ധ്യമങ്ങളിലൂടെ ബ്ളോഗർമാർ ഇനി ലോകത്തിനു മുന്നിലെത്തിക്കും. മൈ ഫസ്റ്റ് ട്രിപ്പ് 2021 എന്ന ഹാഷ്‌ടാഗിലാണ് കേരള ടൂറിസം യാത്ര സംഘടിപ്പിച്ചത്.

മാർച്ച് 25 മുതൽ 29 വരെ നീണ്ട യാത്രയിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ ടൂറിസംരംഗത്തെ സ്വാധീനശക്തികളായ പത്തുപേരാണ് വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്. മൈ ഫസ്റ്റ് ട്രിപ്പ് 2021 എന്ന ഹാഷ്‌ടാഗുമായി കേരളത്തിന്റെ മനോഹാരിത സാമൂഹ്യമാദ്ധ്യമങ്ങളിൽ ലഭ്യമാകും.
കൊവിഡ് ലോക്ക് ഡൗൺ ഒരുവർഷം പിന്നിടുമ്പോൾ കേരള ടൂറിസം എങ്ങിനെയാണ് തിരിച്ചുവരവ് നടത്തിയതെന്ന് ബ്ലോഗർമാരിലൂടെ ലോകമറിയുമെന്ന് ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് പറഞ്ഞു. സാമൂഹ്യമാദ്ധ്യമങ്ങളിൽ നിരവധിപേർ പിന്തുടരുന്ന ബ്ലോഗർമാരുടെ എഴുത്ത്, വീഡിയോ, ഫോട്ടോ തുടങ്ങിയവയിലൂടെ കേരള ടൂറിസത്തിന് കൂടുതൽ പ്രചാരണം ലഭിക്കുമെന്ന് ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണതേജ പറഞ്ഞു.
മുംബയിൽനിന്ന് നാല്, ന്യൂഡൽഹിയിൽ നിന്ന് മൂന്ന്, ഹൈദരാബാദ്, വിശാഖപട്ടണം, അജ്മീർ എന്നിവിടങ്ങളിൽനിന്ന് ഓരോ ബ്ലോഗർമാർ വീതമാണ് യാത്രയിൽ പങ്കെടുത്തത്. ഗ്രാമീണജീവിതം, സാഹസികത, ഭക്ഷണം, സംസ്‌കാരം, ജീവിതരീതി തുടങ്ങിയ മേഖലകളിലെ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു. സുഗന്ധവ്യഞ്ജനങ്ങൾ, തേയിലത്തോട്ടം, വെള്ളച്ചാട്ടം തുടങ്ങി കേരളത്തിലില്ലാത്തതൊന്നുമില്ലെന്ന് മുംബയ് സ്വദേശിനി കൃതിക ശർമ പറഞ്ഞു. കേരള ടൂറിസം ജോയിന്റ് ഡയറക്ടർ എ. ഷാഹുൽ ഹമീദ്, ഇൻഫർമേഷൻ ഓഫീസർ കെ.ആർ. സജീവ് എന്നിവരും സമാപന ചടങ്ങിൽ പങ്കെടുത്തു.