കൊച്ചി: കൊവിഡിന്റെ രണ്ടാം വ്യാപനം ഹൃദ്രോഗ സംബന്ധമായ ആശങ്കകൾ വർദ്ധിപ്പിക്കുന്നതായി കാർഡിയോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യ കേരള ഘടകം വിലയിരുത്തി. കൊവിഡിന്റെ വകഭേദങ്ങൾ വർദ്ധിക്കുമ്പോൾ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും വർദ്ധിച്ചു. കൊവിഡ് കാലത്ത് ഹൃദ്രോഗവും മരണനിരക്കും ഗണ്യമായി വർദ്ധിച്ചു. മികച്ച രീതിയിൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രാദേശികതലത്തിലും വ്യക്തിഗതമായും പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് സൊസൈറ്റി ദേശീയ പ്രസിഡന്റ് പി.പി. മോഹനൻ പറഞ്ഞു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ, ഹൃദയപേശികളിലെ വീക്കം, തെറ്റായ ഹൃദയതാളം, രക്തം കട്ടപിടിക്കൽ തുടങ്ങിയവ കൊണ്ടുള്ള ഹൃദ്രോഗങ്ങൾ കൊവിഡ് രോഗികളിൽ കൂടുതൽ കാണപ്പെട്ടു. ഇത് ഹൃദയാഘാതം, ഹൃദയസ്തംഭനം, മരണം എന്നിവയിലേയ്ക്ക് നയിക്കും. യോഗത്തിൽ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. ജോണി ജോസഫ്, വൈസ് പ്രസിഡന്റ് ഡോ. സുൽഫിക്കർ അഹമ്മദ് എം., സെക്രട്ടറി ഡോ. കരുണദാസ് സി.പി., ഓർഗനൈസിംഗ് സെക്രട്ടറി ഡോ. അനിൽ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ദേശീയ പ്രസിഡന്റ് ഡോ. പി.പി. മോഹനനെ സമ്മേളനത്തിൽ ആദരിച്ചു.