കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് മെൻസ് ഹോസ്റ്റലിൽ ഒന്നാംവ‌ർഷ വിദ്യാർത്ഥി ക്രൂരമർദ്ദനത്തിനും റാഗിംഗിനും ഇരയായെന്ന ആരോപണം തള്ളി കോളേജിലെ ആന്റി റാഗിംഗ് സെൽ റിപ്പോ‌ർട്ട്. പ്രിൻസിപ്പൽ മുഖേന എറണാകുളം സെൻട്രൽ പൊലീസിന് റിപ്പോ‌ർട്ട് കൈമാറി.

മർദ്ദനത്തിനിരയായ വിദ്യാ‌ർത്ഥിയിൽ നിന്നടക്കം ആന്റി റാഗിംഗ് സെൽ മൊഴി രേഖപ്പെടുത്തിയിരുന്നു. ഹോസ്റ്റലിൽ നടത്തിയ അന്വേഷണത്തിൽ ഇത്തരമൊരു സംഭവം ആരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

റിപ്പോ‌‌ർട്ടിൽ റാഗിംഗ് നടന്നിട്ടില്ലെന്ന് പറയുമ്പോഴും വിശദമായ അന്വേഷത്തിന് ഒരുങ്ങുകയാണ് പൊലീസ്. സംഭവദിവസം ഹോസ്റ്റലിൽ പ്രതികൾ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് ആദ്യം പരിശോധിക്കുക. ഇതിനായി മൊബൈൽ ടവ‌ർ വിവരങ്ങൾ പരിശോധിക്കും.

മലയാളം ഒന്നാംവർഷ വിദ്യാർത്ഥി റോബിൻസനാണ് മർദ്ദനത്തിനിരയായത്. റാഗിംഗിന്റെ ഭാഗമായാണ് മർദ്ദിച്ചതെന്ന റോബിൻസന്റെ പരാതിയിലാണ് പൊലീസ് ആന്റി റാഗിംഗ് സെല്ലിന്റെ റിപ്പോർട്ട് തേടിയത്. പ്രവർത്തനഫണ്ട് പിരിക്കാൻ കഴിയില്ലെന്നു പറഞ്ഞതിന് എസ്.എഫ്.ഐ പ്രവ‌ർത്തക‌രാണ് റാഗിംഗിന് ഇരയാക്കിയതെന്ന് പരാതിയിൽ പറഞ്ഞിരുന്നു. ഹോസ്റ്റലിൽ പ്രവേശനം ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി തടഞ്ഞുവച്ച് മർദ്ദിച്ചെന്നാണ് പരാതി. സെൻട്രൽ പൊലീസ് ഏഴ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിരുന്നു. ഹോസ്റ്റൽ വാർഡന്റെയും ജീവനക്കാരുടെയും ഹോസ്റ്റലിലെ അന്തേവാസികളുടെയും മൊഴി പൊലീസ് എടുത്തിരുന്നു.

വിശദമായ അന്വേഷണം വേണം

എസ്.എഫ്.എെക്കെതിരെ നടത്തിയ ഗൂഢാലോചനയായിരുന്നു ഈ കേസ്. ഒന്നാംവർഷ വിദ്യാർത്ഥിനി നൽകിയ പരാതിയിൽനിന്ന് രക്ഷപ്പെടുക മാത്രമായിരുന്നു പരാതിക്കാരന്റെ ലക്ഷ്യം. കേസിൽ വിശദമായ അന്വേഷണം വേണം.

എസ്.എഫ്.ഐ

മഹാരാജാസ് കോളേജ്

വീണ്ടും പരാതി നൽകും

സംഭവത്തിൽ യു.ജി.സിക്ക് വീണ്ടും പരാതി നൽകും. കോളേജിലെ എസ്.എഫ്.ഐ പ്രവ‌ർത്തകരിൽനിന്ന് ഭീഷണിയുണ്ട്. കാമ്പസിൽ ഒറ്റയ്ക്ക് നടക്കാൻ പേടിയുണ്ട്. മഹാരാജാസിൽ തുട‌ർന്ന് പഠിക്കണമെന്ന് തന്നെയാണ് ആഗ്രഹം. അവർ അതിന് സമ്മിതിക്കുമോയെന്ന് അറിയില്ല

റോബിൻസൺ,

പരിക്കേറ്റ വിദ്യാ‌ർത്ഥി