മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽനാടനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന അണികളുടെയും ചില നേതാക്കന്മാരുടെയും നടപടികളിൽ സി.പി.എമ്മിനും എൽ.ഡി.എഫിനും കടുത്ത അതൃപ്തി. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ ചേർന്ന എൽ.ഡി.എഫ് യോഗത്തിലാണ് അംഗങ്ങൾ അതൃപ്തി രേഖപ്പെടുത്തിയത്. യാക്കോബായ സഭയ്‌ക്കെതിരേ ഓർത്തഡോക്‌സ് സഭയുടെ വക്കാലത്ത് എടുത്തിരിക്കുന്നത് മാത്യു കുഴൽനാടന്റെ നിയമസ്ഥാപനമാണെന്ന വിമർശനത്തിന് വസ്തുതയുടെ പിന്തുണയില്ലെന്നും യോഗം വിലയിരുത്തി.
ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണമാണ് മാത്യു തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.പൈങ്ങോട്ടൂരുള്ള മാത്യുവിന്റെ വീട് റോഡ് കൈയേറിയിട്ടുണ്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് സി.പി.എം അംഗങ്ങൾ വ്യക്തമാക്കി. റോഡ് കൈയ്യേറിയിട്ടില്ലെന്ന് സി.പി.എം പ്രാദേശിക നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ വ്യക്തിഹത്യയ്ക്ക് ഇറങ്ങുന്നത് തിരഞ്ഞെടുപ്പിൽ ദോഷമേ ചെയ്യുകയുള്ളൂവെന്ന് യോഗം വിലയിരുത്തി. ഈ നിയോജകമണ്ഡലത്തിലെ വികസന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാതെ എതിർ സ്ഥാനാർത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനോട് യോജിപ്പില്ലെന്ന് യോഗ്യം അഭിപ്രായപ്പെട്ടു. ഇടതുപക്ഷ സൈബർ ഇടങ്ങളിൽ മാത്യു കുഴൽനാടനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത അധിക്ഷേപമാണ് ഉയർന്നത്. ഇതിൽ സി.പി.എമ്മിലെ പലർക്കും അതൃപ്തിയുണ്ടായിരുന്നു.