കൊച്ചി: കൊവിഡ് വ്യാപനത്തിൽ വ്യാപാരികളുടെ പേരിലെടുത്ത എല്ലാ കേസുകളും പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു. കടകളിൽ ഒന്നിലധികം ആളുകൾ കയറിയെന്ന കാരണം പറഞ്ഞാണ് ഉദ്യോഗസ്ഥർ കേസുകൾ ചാർജ് ചെയ്യുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്ന് ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് പറഞ്ഞു. പ്രധാനമന്ത്റി, മുഖ്യമന്ത്റി, ഭരണപ്രതിപക്ഷ നേതാക്കൾ തുടങ്ങിയവർ നയിക്കുന്ന തിരഞ്ഞെടുപ്പ് യോഗങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പങ്കെടുക്കുന്നത്. സ്‌കൂളുകൾ, തിയേറ്ററുകൾ തുടങ്ങി എല്ലാ മേഖലയും തുറന്നുകഴിഞ്ഞു. ബസുകളിൽ ആളുകൾ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്നു.

സർക്കാർ ഏർപ്പെടുത്തിയ മാർഗനിർദ്ദേശങ്ങളും മുൻകരുതലുകളും പാലിച്ചാണ് വ്യാപാര സ്ഥാപനങ്ങളെല്ലാം പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥപീഡനം തുടർന്നാൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിനെത്തുടർന്ന് വരുമാനം നിലച്ചതും സർക്കാരിന്റെ യാതൊരുവിധ സമാശ്വാസവും ലഭിക്കാത്തതുമായ വിഭാഗമാണ് വ്യാപാരികൾ. വ്യാപാരസമൂഹത്തിനായി മൂന്ന് മുന്നണികളുടെയും പ്രകടനപത്രികയിൽ ഒന്നും പരാമർശിച്ചിട്ടില്ല. ഇത് വ്യാപാരസമൂഹത്തോടുള്ള മുന്നണികളുടെ അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു.