
കൊച്ചി: സംസ്ഥാനത്ത് ഭരണത്തിലുള്ള രാഷ്ട്രീയനേതാക്കളെ കേസിൽ കുരുക്കാനാണ് ഇ.ഡി ഇപ്പോൾ ശ്രമിക്കുന്നതെന്നും ,സ്വർണക്കടത്ത് കേസിൽ കുറ്റപത്രം നൽകിക്കഴിഞ്ഞ് ഇ.ഡി അന്വേഷണം തുടരുന്നത് രാഷ്‌ട്രീയതാത്പര്യം നിമിത്തമാണെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസിലെ പ്രാഥമികാന്വേഷണരേഖകളും കേസ് ഡയറിയും ഹാജരാക്കണമെന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണന്റെ ഉപഹർജിയെ എതിർത്ത് ആഭ്യന്തരവകുപ്പ് അണ്ടർ സെക്രട്ടറി എം.പി. പ്രിയമോൾ നൽകിയ അഡിഷണൽ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസിൽ പ്രതിയോ സാക്ഷിയോ അല്ലാത്ത ഹർജിക്കാരന് ഇത്തരമൊരു ആവശ്യം ഉന്നയിക്കാനാവില്ല. അന്വേഷണത്തിന്റെ ഗതി മനസിലാക്കാനും സാക്ഷികളെ തിരിച്ചറിഞ്ഞ് ഭീഷണിപ്പെടുത്താനുമാണ് ഇൗയാവശ്യം ഉന്നയിക്കുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഉന്നതർക്കെതിരെ ഇ.ഡിയുടെ അന്വേഷണം തിരിഞ്ഞതോടെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തതെന്ന വാദം ശരിയല്ല. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരായ അന്വേഷണത്തെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്താൻ നിരവധി വിഫലശ്രമങ്ങൾ ഹർജിക്കാരൻ നടത്തിയിരുന്നു. ശിവശങ്കർ ജാമ്യത്തിലിറങ്ങിയ ശേഷം ഇ.ഡിയുടെ അന്വേഷണം വഴിതിരിക്കാൻ ശ്രമിക്കുന്നെന്ന ആരോപണം ആശ്ചര്യകരമാണ്. ക്രൈംബ്രാഞ്ചിന്റെ കേസുമായി ശിവശങ്കറിന് ഒരു ബന്ധവുമില്ല. ഇ.ഡി ഇപ്പോൾ നടത്തുന്ന അന്വേഷണം രാഷ്ട്രീയാഭ്യാസമാണ്. അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിലാണ് ഹർജി നൽകിയതെന്ന ഹർജിക്കാരന്റെ വാദം ശരിയല്ല. കേന്ദ്രസർക്കാരിന്റെ അഭിഭാഷകർ മുഖേനയല്ല, സ്വകാര്യ അഭിഭാഷകൻ മുഖേനയാണ് ഹർജി നൽകിയത്. ക്രൈംബ്രാഞ്ചിന്റെ കേസിനാധാരമായ സ്വപ്നയുടെ ഓഡിയോ ക്ളിപ്പിന്റെ സത്യസന്ധത ഹർജിക്കാരൻ നിഷേധിക്കുന്നില്ല. കേന്ദ്രസർക്കാരിന്റെ വിദഗ്ദ്ധ അന്വേഷണ ഏജൻസിയുൾപ്പെട്ട കേസിൽ അന്വേഷണം വൈകുംതോറും തെളിവുകൾ നശിപ്പിക്കുമെന്ന് ആശങ്കയുണ്ടെന്നും സർക്കാർ
വാദിച്ചു.