accident-death

മൂവാറ്റുപുഴ/കൊച്ചി/കോട്ടയം: സ്വകാര്യഭാഗങ്ങളിൽ മുറിവും കുടലിന് പരിക്കേറ്രും കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലുള്ള അസം സ്വദേശിയായ അഞ്ചുവയസുകാരിയുടെ നില അതീവഗുരുതരമായി തുടരുന്നു. കുട്ടിക്ക് നേരിയ പനിയുണ്ട്. അണുബാധയുണ്ടാകാതിക്കാനുള്ള തീവ്രപരിചരണമാണ് നൽകുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ദ്ധസംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്.

ജനാലയിൽ തൂങ്ങി കളിക്കുന്നതിനിടെ കൈതെന്നി സമീപത്തെ സൈക്കിളിൽ വീണാണ് പരിക്കേറ്റതെന്ന് കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മൊഴിനൽകി. അമ്മ വഴക്കുപറയുമെന്ന പേടിയിൽ ഇക്കാര്യം ആരോടും പറഞ്ഞില്ല. വേദനയുണ്ടായിരുന്നതായും കുട്ടി മൊഴിനൽകിയിട്ടുണ്ട്. ദ്വിഭാഷിയുടെ സഹായത്തോടെയായിരുന്നു കുട്ടിയിൽ നിന്ന് കമ്മിറ്റി അംഗങ്ങൾ വിവരങ്ങൾ തേടിയത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി പരിശോധന നടത്തി പ്ളാസ്റ്റിക് ഭാഗം ഇളകിമാറിയ നിലയിൽ ഹാൻഡിലുള്ള സൈക്കിൾ കണ്ടെടുത്തു. പരിക്കിനുകാരണം ഇതായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. പ്രകൃതി വിരുദ്ധപീഡനമടക്കം അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.