vaiga-

കൊച്ചി: പതിനൊന്നുകാരി വൈഗയുടെ ദുരൂഹമരണത്തിന്റെ ചുരുളഴിക്കാൻ കൊച്ചി ഡി.സി.പി ഐശ്വര്യ ഡോംഗ്റെയുടെ നേതൃത്വത്തിൽ പ്രത്യേകടീമിനെ നിയോഗിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ശാസ്ത്രീയ പരിശോധനാസംഘവും ഉൾപ്പെടുന്ന നാല് യൂണിറ്രാണ് ടീമിലുള്ളത്. സംഭവത്തിൽ കൊലപാതക സാദ്ധ്യതയടക്കം ഇഴകീറി പരിശോധിക്കുകയാണിപ്പോൾ. തമിഴ്‌നാട്, പൂനെ, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഡി.സി.പി കേരളകൗമുദിയോട് പറഞ്ഞു.

സാനു മോഹനെ തെരഞ്ഞ് ഒരു ടീം തമിഴ്‌നാട്ടിലേക്ക് പോയിട്ടുണ്ട്. സാനുവിന്റെ സാമ്പത്തിക ഇടപാട്, കുടുംബ പശ്ചാത്തലം, ഇതരസംസ്ഥാന ബന്ധം എന്നിവയാണ് തേടുന്നത്. ഇയാളുടെ പേരിൽ കേസുകളുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. കുടുംബത്തെ ചോദ്യംചെയ്തെങ്കിലും സംശയിക്കത്തക്ക വിവരങ്ങളൊന്നും ലഭിച്ചില്ല. അന്വേഷണത്തോട് ഇവർ സഹകരിക്കുന്നുണ്ട്. നേരത്തെ എറണാകുളം ഗോശ്രീ പാലത്തിന് സമീപം ജീർണിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം സാനുവിന്റേതല്ലെന്നും ഡി.സി.പി പറഞ്ഞു.