കൊച്ചി: കൊവിഡ് മഹാമാരി ഇടവേള സൃഷ്‌ടിച്ച കലാപ്രകടനങ്ങൾക്ക് തുടക്കം കുറിച്ചുള്ള കോർ കേരളകൗമുദി നൈറ്റ് 2021 പ്രതീക്ഷകളുടെ കണിക്കൊന്ന പൂക്കുന്ന വിഷുക്കാല ആഘോഷങ്ങൾക്കും തിരിതെളിയിച്ചു. കൊവിഡിന് ശേഷം കൊച്ചി ആതിഥ്യം വഹിക്കുന്ന ആദ്യത്തെ സ്റ്റേജ് ഷോയായി കൗമുദി നൈറ്റ് മാറി. ആഹ്ളാദത്തോടെ കലാകാരന്മാരും ആവേശത്തോടെ സദസും പരിപാടികൾ ആസ്വാദ്യമാക്കി.

കേരളകൗമുദി കൊച്ചിയിൽ എത്തിയതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കലൂർ ഗോകുലം കൺവെൻഷൻ സെന്ററിലാണ് 'കോർ കേരളകൗമുദി നൈറ്റ് 2021' കൊച്ചിയുടെ കലാസന്ധ്യകൾക്ക് തിരിച്ചുവരവ് ഒരുക്കിയത്. 2020 ഡിസംബർ 26 മുതൽ ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളിൽ മൂന്നാമത്തേതാണ് ഇന്നലെ അരങ്ങേറിയത്.

കൊവിഡ് തടയിട്ട കാലാപരിപാടികൾക്ക് കേരളകൗമുദിയിലൂടെ രണ്ടാംവരവ് ഒരുക്കിയത് കലാകാരന്മാർക്കും പ്രേക്ഷകർക്കും ഒരുപോലെ ആവേശമായി. അതിന് കലാകാരന്മാർ പ്രത്യേകം നന്ദി പറയുകയും ചെയ്തു. ഹ്രസ്വമായ ഉദ്ഘാടന ചടങ്ങിന് ശേഷം വിനീത് ശ്രീനിവാസൻ നയിച്ച ഗാനസന്ധ്യയോടെയാണ് ആഘോഷപൂരത്തിന്റെ അമിട്ടുപൊട്ടിച്ചത്. കഴിഞ്ഞവർഷം കലാലോകത്തുനിന്ന് വിടവാങ്ങിയ അനിൽ പനച്ചൂരാൻ, എസ്.പി. ബാലസുബ്രഹ്മണ്യം എന്നിവർക്ക് സംഗീതാഞ്ജലിയുമായി ചടങ്ങ്. അനിൽ പനച്ചൂരാനുവേണ്ടി, വിനീത് തന്നെ സിനിമയിൽ ആലപിച്ച 'വ്യത്യസ്തനാമൊരു ബാർബറാം ബാലനെ......', എ.ആർ. റഹ്മാൻ സംഗീതമൊരുക്കി എസ്.പി. ബാലസുബ്രഹ്മണ്യം ആലപിച്ച 'ഇന്നലെ നീ വന്തതെന്നടി....' തുടങ്ങി 'കാതൽ റോജാവേ' വരെ ഒരുപിടി ഗാനങ്ങൾ ഇവർക്ക് ആദരമൊരുക്കി.

16 മാസങ്ങൾക്ക് ശേഷം ആദ്യമായി ഒരു സ്റ്റേജ് പ്രോഗ്രാമിന് അവസരമൊരുക്കിയ കേരളകൗമുദിക്ക് വിനീത് ശ്രീനിവാസനും സഹപ്രവർത്തകരും പ്രത്യേകം നന്ദി അർപ്പിച്ചു. 2019 നവംബറിൽ അവസാനത്തെ സ്റ്റേജ് ഷോയ്ക്ക് ശേഷം ഇന്നലെയാണ് വിനീത് ശ്രീനിവാസൻ വീണ്ടും ലൈവ് പരിപാടി അവതരിപ്പിച്ചത്. നീണ്ട ഇടവേളകാരണം ചെറിയ വിറയൽ ഉണ്ടെന്ന മുഖവുരയോടെയായിരുന്നു സകലകലാവല്ലഭന്റെ തുടക്കം. ഓമനപ്പുഴ കടപ്പുറം തുടങ്ങി ഒരുപിടി ചലച്ചിത്രഗാനങ്ങൾക്ക് ശേഷം സദസിനെ ഇളക്കിമറിക്കാൻ അടിപൊളി സിനിമാറ്റിക് ഡാൻസ്, വീണ്ടുമൊരു നാടൻപാട്ട് എന്നമട്ടിൽ വിഭസമൃദ്ധമായതോടെ കലാവിരുന്ന് ആഘോഷത്തിമിർപ്പിലേക്ക് വഴിമാറി.

തുടർന്ന് സിനിമാതാരം അനുശ്രീയും സംഘവും അവതരിപ്പിച്ച നൃത്തവിരുന്ന് കാണികളെ മാസ്മരിക ലോകത്തെത്തിച്ചു. പിന്നാലെ അഭി ചാത്തന്നൂരിന്റെ ഹാസ്യകലാപ്രകടനം സദസിൽ ചിരിയുടെ മാലപ്പടക്കം തീർത്തു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷണിക്കപ്പെട്ട വ്യക്തികളെമാത്രം പങ്കെടുപ്പിച്ചായിരുന്നു ചടങ്ങ്. കേരളകൗമുദി ഫേസ് ബുക്ക് പേജിലൂടെ ലൈവ് ടെലികാസ്റ്റും ഉണ്ടായിരുന്നു.