
കൊച്ചി: നിലമ്പൂരിലെ കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി ഓഫീസിലെ ജീവനക്കാരിയെ കൊലപ്പെടുത്തി കുളത്തിലെറിഞ്ഞെന്ന കേസിൽ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച രണ്ടു പ്രതികളെയും ഹൈക്കോടതി വെറുതേ വിട്ടു. മുൻമന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്സണൽ സ്റ്റാഫംഗവും കോൺഗ്രസ് പാർട്ടി ഒാഫീസ് ജീവനക്കാരനുമായ നിലമ്പൂർ സ്വദേശി ബിജു നായർ, സുഹൃത്ത് ചുള്ളിയോട് കുന്നശേരി ഷംസുദ്ദീൻ എന്നിവരെയാണ് ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതേ വിട്ടത്.
2014 ഫെബ്രുവരി അഞ്ചിനായിരുന്നു സംഭവം. ബിജുവിന്റെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് ജീവനക്കാരി പുറത്തുപറയുമെന്ന ആശങ്കയിൽ ഇരുവരും ചേർന്ന് പാർട്ടി ഒാഫീസിൽവച്ച് വകവരുത്തി ചാക്കിൽക്കെട്ടി കുളത്തിൽ താഴ്‌ത്തിയെന്നാണ് കേസ്. കൊലപാതകം, ലൈംഗികാതിക്രമം, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ കേസിൽ 2015ൽ മഞ്ചേരി അഡി. സെഷൻസ് കോടതി പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. ബിജുവിന് 86,000 രൂപയും ഷംസുദ്ദീന് 41,000 രൂപയുമായിരുന്നു പിഴശിക്ഷ.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചതെന്നും ഇത്തരം സാഹചര്യങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ആരോപിച്ചാണ് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
ഇത്തരം കേസുകളിൽ സാഹചര്യത്തെളിവുകൾ സംശയാതീതമാകണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തെളിവുകൾ തമ്മിൽ പരസ്പരബന്ധം വേണം. ഈ കേസിൽ അന്വേഷണം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് നടന്നതെന്നും, അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി. അറസ്റ്റു ചെയ്തപ്പോൾത്തന്നെ പ്രതികൾ കുറ്റസമ്മതം നടത്തിയെങ്കിലും തൊണ്ടി മുതലുകൾ കണ്ടെത്താൻ വൈകി. മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അടുത്ത ദിവസമാണ് അപേക്ഷ നൽകിയത്. ഇതിന് വിശദീകരണം നൽകാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രതികളെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതാണോയെന്ന് സംശയമുണ്ട്. പ്രതികൾ ഫോണിൽ നിരന്തരം ബന്ധപ്പെട്ടെന്ന് വാദമുണ്ടെങ്കിലും, കൊലപാതകം നടത്താനാണെന്ന് തെളിയിക്കാനായില്ല. ഡോക്ടർമാർ സംഭവസ്ഥലം സന്ദർശിച്ച ശേഷം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഒപ്പിട്ടതിൽ അസ്വാഭാവികതയുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.