തൃക്കാക്കര: പുലർകാലെ വാതിൽ തുറന്ന ഗൃഹനാഥന് മുന്നിൽ മുറ്റത്തെ പത്രം നീട്ടി സ്ഥാനാർത്ഥി. ചൂടുള്ള വാർത്ത പങ്കുവച്ച് വോട്ടഭ്യർത്ഥനയുമായി മടക്കം. തൃക്കാക്കര മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി എസ്.സജിയാണ് രാവേറെ പിന്നിട്ട തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് പിറ്റേന്ന് പുലർച്ചെ തന്നെ പുനരാരംഭിച്ച് സജീവമാകുന്നത്. ചെലവന്നൂരിൽ നടത്തിയ ഗൃഹസമ്പർക്കത്തിലാണ് വീട്ടുകാരെ പോലും അമ്പരിപ്പിച്ച് സ്ഥാനാർത്ഥിയെത്തിയത്. കേന്ദ്രാവിഷ്കൃത പദ്ധതികൾ വിവരിച്ചും ജനോപകാര പദ്ധതികൾ ഒളിപ്പിച്ച് ജനതയെ കബളിപ്പിക്കുന്ന സംസ്ഥാന സർക്കാരിനെ തുറന്ന് കാട്ടിയുമാണ് സജി പ്രചാരണത്തിൽ മുന്നേറിയത്. ഇതോടെ തൃക്കാക്കരയിൽ പൊടിപാറിയ ത്രികോണ കോണ മത്സരത്തിനാണ് അങ്കത്തട്ടൊരുങ്ങുന്നത്. കേന്ദ്രമന്ത്രി വി.മുരളീധരൻ നയിച്ച റോഡ് ഷോ പ്രവർത്തകരിൽ ആവേശം വിതച്ചു. ഇന്നലെ കാക്കനാട് ഇടച്ചിറ ജംഗ്ഷനിലെ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് സജി പര്യടനം ആരംഭിച്ചത്. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ മുന്നേറ്റത്തിന് പോരാടിയ നവോത്ഥാന നായകനും സാമൂഹ്യ പരിഷ്ക്കർത്താവുമായ അയ്യങ്കാളിയുടെ ജീവിതം പുതുകാലത്തും വലിയ സന്ദേശവും പ്രതീക്ഷയുമാണെന്ന് സജി പറഞ്ഞു. വായനശാല പരിസരം, മനയ്ക്കക്കടവ്, അത്താണി, കുഴിക്കാട്ട് മൂല, നിലം പതിഞ്ഞിമുകൾ, പാറക്കമുകൾ, മാപ്രാണം, തൈക്കാവ് ജംഗ്ഷൻ (ചിറ്റേത്ത് കര), വളവൻ കോളനി, തുതിയൂർ ബസ്സ്റ്റാന്റ്, ആനമുക്ക് ജംഗ്ഷൻ, രാമകൃഷ്ണനഗർ, പാലച്ചുവട് ജംഗ്ഷൻ എന്നിവിടങ്ങളിലും ഇന്നലെ സജി പര്യടനം നടത്തി.