sandeep-nair

കൊച്ചി: സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്ന ഇ.ഡി സംഘം മുഖ്യമന്ത്രിയുടെ പേരുപറയാൻ സമ്മർദ്ദം ചെലുത്തിയെന്നു പരാതിപ്പെട്ട സന്ദീപ് നായരെ രണ്ടുദിവസം ജയിലിൽ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ചുമതലയുള്ള ജഡ്‌ജി ഡി. സുരേഷ്‌കുമാറാണ് അനുമതി നൽകിയത്. ജയിൽ അധികൃതരുടെ സൗകര്യംകൂടി പരിഗണിച്ച് അടുത്ത ഏഴുദിവസത്തിനുള്ളിൽ ചോദ്യംചെയ്യൽ പൂർത്തിയാക്കണം.

സ്വപ്നയ്ക്കൊപ്പം അറസ്റ്റിലായ സന്ദീപ് പൂജപ്പുര ജയിലിലാണ്. ജയിൽ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിവും ചോദ്യംചെയ്യുക. സന്ദീപ് അഭിഭാഷകൻ മുഖേന നൽകിയ പരാതിയിലാണ് ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. മുഖ്യമന്ത്രിയുടെ പേരുപറയാൻ സമ്മർദ്ദമുണ്ടെന്ന് വ്യക്തമാക്കി സന്ദീപ് നേരത്തെ ജയിലിൽനിന്ന് കോടതിക്ക് കത്തയച്ചിരുന്നു. ഇതേവിഷയത്തിൽ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു കേസും ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സന്ദീപിനെ ചോദ്യംചെയ്യാൻ അനുമതിതേടി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.സി ബൈജു പൗലോസാണ് അപേക്ഷ നൽകിയത്.