
കൊച്ചി: പോസ്റ്റൽ വോട്ടുകൾ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കണമെന്നതടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നുണ്ടെന്ന് ഇലക്ഷൻ കമ്മിഷൻ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. 80 വയസ് പിന്നിട്ടവർക്കും ക്വാറന്റൈനിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും ഏർപ്പെടുത്തിയിട്ടുള്ള പോസ്റ്റൽ വോട്ടുകൾ സുരക്ഷയില്ലാതെ കൈകാര്യം ചെയ്യുകയാണെന്നാരോപിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളായ കെ. മുരളീധരൻ, ആനാട് ജയൻ, ദീപക് ജോയ് എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. തപാൽ വോട്ടുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മാനദണ്ഡങ്ങൾ നേരത്തെ ഇലക്ഷൻ കമ്മിഷൻ ഹൈക്കോടതിയിൽ വിശദീകരിച്ചിരുന്നു. ഇത് രേഖപ്പെടുത്തിയാണ് സുരക്ഷ ഉറപ്പാക്കാൻ ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചത്.
 ഇലക്ഷൻ കമ്മിഷന്റെ വിശദീകരണമിങ്ങനെ
പോസ്റ്റൽ വോട്ടുകൾ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കും. വോട്ടെണ്ണൽ ദിവസം സ്ഥാനാർത്ഥികളുടെയോ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ സ്ട്രോംഗ് റൂമുകൾ തുറന്ന് പോസ്റ്റൽ വോട്ടുകൾ പെട്ടിയിലാക്കി മുദ്രവച്ച് സായുധ സുരക്ഷാഉദ്യോഗസ്ഥരുടെ സംരക്ഷണയിൽ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. 80 വയസു കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയുമൊക്കെ വോട്ടുകൾ വീടുകളിലെത്തിയാണ് ശേഖരിക്കുന്നത്. വോട്ടിംഗിന്റെ രഹസ്യസ്വഭാവത്തെ ബാധിക്കാത്തവിധം നടപടികൾ വീഡിയോയിൽ പകർത്തും. ഓരോ ദിവസത്തെയും പോസ്റ്റൽ വോട്ടുകളടങ്ങിയ കവറും കൗണ്ടർഫോയിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അതത് റിട്ടേണിംഗ് ഓഫീസറുടെ ആസ്ഥാനത്തെത്തിക്കും. തപാൽവോട്ടിന്റെ വിവരങ്ങൾ അന്നന്നുതന്നെ റിട്ടേണിംഗ് ഓഫീസർമാർക്ക് ചുമതലപ്പെട്ട ഉദ്യോഗസ്ഥർ കൈമാറും.