മൂവാറ്റുപുഴ: പെൻഷൻ കണക്കിൽ കൃത്രിമം കാട്ടി അഴിമതി നടത്തിയ കേസിൽ കൊച്ചി കോർപ്പറേഷൻ യു.ഡി ക്ലാർക്ക് നായരമ്പലം തെക്കിനേഴത്ത് സുധീറിന് മൂവാറ്റുപുഴ വിജിലൻസ് കോടതി ഏഴുവർഷം കഠിനതടവും 6,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അഴിമതി നിരോധനവകുപ്പ് പ്രകാരമാണ് വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യന്റെ ശിക്ഷാവിധി.
കൊച്ചി കോർപ്പറേഷന്റെ അക്കൗണ്ട്സ് സെക്ഷനിൽ ക്ലാർക്കായിരിക്കെ 2004 ഡിസംബർ 3 മുതൽ 6 വരെയുള്ള ദിവസങ്ങളിലായി 5,35,487 രൂപ ജീവനക്കാരുടെ പെൻഷനുമായി ബന്ധപ്പെട്ട കണക്കുകളിൽ കൃത്രിമം നടത്തി തട്ടിയെടുത്തെന്നാണ് കേസ്. വിജിലൻസ് ഡിവൈ.എസ്.പി സി.എസ്. മജീദാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടർ രാജ്‌മോഹൻ ആർ.പിള്ള ഹാജരായി.