കൊച്ചി: കഞ്ചാവ് കച്ചവടക്കാർ ഒതുങ്ങിത്തുടങ്ങി. പകരം കൊച്ചിയിൽ വാഴുന്നത് സിന്തറ്റിക്ക് ഡ്രഗ് മാഫിയ. പൊലീസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്ന് മാസത്തിനിടെ സിന്തറ്റിക്ക് ലഹരി കടത്തും വില്പനയുമായി ബന്ധപ്പെട്ട് 368 കേസുകളാണ് കൊച്ചി സിറ്റിയിൽ മാത്രം രജിസ്റ്റർ ചെയ്തത്. സ്‌കൂൾ വിദ്യാർത്ഥികൾ തുടങ്ങി പ്രൊഫഷണലുകൾ വരെ ലഹരി കടത്തുസംഘത്തിലുണ്ട്. ക്ലീൻ ഡ്രഗ് കൊച്ചി പദ്ധതിയുടെ ഭാഗമായി കടത്തുകാരെയും വില്പനക്കാരെയും പൂട്ടാൻ എക്‌സൈസ്, നർകോട്ടിക് കൺട്രോൾ ബ്യൂറോ എന്നിവരുടെ സഹകരണത്തോടെ സംയുക്ത പരിശോധനകൾ വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.
മൂന്ന് മാസം 406 അറസ്റ്റ്
കഴിഞ്ഞ മൂന്ന് മാസത്തിനിടെ കൊച്ചിയിലെ ലഹരി സംബന്ധമായ കേസുകൾ ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. ജനുവരി മുതൽ മാർച്ച് വരെ 406 പേരെയാണ് സിന്തറ്റിക്ക് ഡ്രഗ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 26.34 കലോ കഞ്ചാവ്, 733 എൽ.എസ്.ഡി സ്റ്റാമ്പ്, 108 നൈട്രോസൺ ഗുളികകൾ, 116.59 ഗ്രാം ഹാഷിഷ് ഓയിൽ 5 ഗ്രാം ഹാഷിഷ്, 8,04,500 രൂപ, എന്നിവ പിടിച്ചെടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് 733 എൽ.എസ്.ഡി സ്റ്റാമ്പുകൾ ഒരുമിച്ച് പിടികൂടുന്നത്.
യോദ്ധാവ് ആപ്പ് മുഖേന ഇതുവരെ 267 പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 240 പരാതികളിൽ നടപടി സ്വീകരിച്ചു. 15 കേസുകൾ രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു. ഈവർഷം രജിസ്റ്റർ ചെയ്ത ഭൂരിഭാഗം കേസുകളിലും ഉൾപ്പെട്ടവർ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരും കൊലപാതക കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമാണ്. 18നും 30 നുമിടയിൽ പ്രായമുള്ളവരാണ് ഭൂരിഭാഗവും പേരും.
പ്രത്യേക പരിശീലനം
അനധികൃത മയക്കുമരുന്ന് കച്ചവടക്കാരെ നിരീക്ഷിച്ച് നീക്കങ്ങൽ പരാജയപ്പെടുത്തുന്ന നടപടികൾക്ക് തുടക്കമായി. എക്‌സൈസ്, സി.ഐ.എസ്.എഫ്, ആർ.പി.എഫ്. റെയിൽവേ പൊലീസ്, ഡോഗ് സ്വാഡ് എന്നിവരുടെ സഹകരണത്തോടെ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മെട്രോ സ്റ്റേഷൻ, തുറമുഖം, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സംയുക്ത പരിശോധന നടത്തിവരികയാണ്. പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാൻ കേസുകൾ കൈകാര്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നർകോട്ടിക് കൺട്രോൾ ബ്യൂറോ, ഫോറൻസിക് ലാബോറട്ടറി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്ക് ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്.
സ്‌കൂൾ വിദ്യാർത്ഥികൾ തുടങ്ങി പ്രൊഫഷണലുകൾ വരെ ലഹരി വിൽക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും കൂട്ടത്തിലുണ്ട്. ക്ലീൻ ഡ്രഗ് കൊച്ചിക്കായി വിദ്യാർത്ഥികളെയടക്കം സംഘടിപ്പിച്ച് സംയുക്ത ബോധവത്കരണ പരിപാടികൾ ഊർജിതമാക്കിയിട്ടുണ്ട്. പരിശോധനകളും ഊർജിതമാക്കിയിട്ടുണ്ട്.
ഐശ്വര്യ ഡോംഗ്റെ
ഡപ്യൂട്ടി പൊലീസ് കമ്മിഷണർ
കൊച്ചി