കൊച്ചി: ട്വന്റി 20 സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും വോട്ടിംഗ് യന്ത്രത്തിൽ വ്യക്തമായി രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ട്വന്റി 20 സ്ഥാനാർത്ഥികളുടെ ചിഹ്നവും പേരും അവ്യക്തമായാണ് വോട്ടിംഗ് യന്ത്രത്തിൽ പതിച്ചതെന്നാരോപിച്ച് പാർട്ടി നൽകിയ ഹർജി തീർപ്പാക്കിയാണ് സിംഗിൾബെഞ്ചിന്റെ വിധി.

ഇലക്ഷൻ നടപടികൾ തുടങ്ങിക്കഴിഞ്ഞതിനാൽ ഹൈക്കോടതിക്ക് ഇടപെടാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വാദിച്ചെങ്കിലും വോട്ട് രേഖപ്പെടുത്താനെത്തുന്നവർക്ക് പേരും ചിഹ്നവും വ്യക്തമായി കാണേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഇൗ നിർദ്ദേശം നൽകിയത്. തൃക്കാക്കര, കോതമംഗലം, വൈപ്പിൻ മണ്ഡലങ്ങളിലെ ട്വന്റി 20 സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും വോട്ടിംഗ് യന്ത്രത്തിൽ വ്യക്തമായി പതിച്ചിട്ടില്ലെന്നായിരുന്നു ഹർജിയിലെ പരാതി.