കൊച്ചി: കൊവിഡ് മഹാമാരി അടിച്ചേൽപ്പിച്ച ദീർഘകാല വനവാസത്തിനുശേഷം വിശുദ്ധവാരത്തിൽ തിരിച്ചുവന്ന കൊച്ചിയിലെ കലാസന്ധ്യയ്ക്ക് യേശുദേവന്റെ ഉയിർപ്പ് തിരുനാളിനോളം ആവേശം. കേരളകൗമുദി കൊച്ചിയിൽ എത്തിയതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ അരങ്ങേറിയ 'കോർ കേരളകൗമുദി നൈറ്റ് 2021' കൊച്ചിയുടെ കലാസന്ധ്യകൾക്ക് തിരിച്ചുവരവ് ഒരുക്കി.
ചടങ്ങ് ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് ബി.കെമാൽപാഷ കേരളകൗമുദിയുമായുള്ള ആത്മബന്ധത്തിന്റെ ഓർമ്മകൾ പങ്കുവച്ചു. കൊച്ചി മേയർ അഡ്വ.എം. അനിൽകുമാർ ചടങ്ങിൽ അദ്ധ്യക്ഷനായി.
കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ സ്വാഗതം പറഞ്ഞു. കൗമുദി ടി.വി ബ്രോഡ്കാസ്റ്റിംഗ് ഹെഡ് എ.സി. റെജി, കോസ്റ്റൽ ഐ.ജി പി. വിജയൻ, കോർ പവർ സിസ്റ്റംസ് ലിമിറ്റഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ.ഗ്‌ളോബൽ ബഷീർ, എം.കെ. ഹരിദാസ് (പ്രിൻസിപ്പൽ സെക്രട്ടറി, ജെ.കെ.മേനോൻ), കോർ പവർ സിസ്റ്റംസ് ലിമിറ്റഡ് സി.ഇ.ഒ അബ്ദുൾ സലാം എം.എ, സിനിമാതാരം ശ്രീരഞ്ജിനി നായർ, കേരളകൗമുദി ജനറൽ മാനേജർ (മാർക്കറ്റിംഗ്) സുധീർകുമാർ, ജനറൽ മാനേജർ (സെയിൽസ്) ശ്രീസാഗർ, ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിംഗ്) റോയ് ജോൺ, തൃശൂർ യൂണിറ്റ് ചീഫ് എൻ.എസ്. കിരൺ എന്നിവർ പങ്കെടുത്തു.
കേരളകൗമുദി കൊച്ചിയിലെത്തിയതിന്റെ ശതാബ്ദി സ്മരണികയുടെ മുഖചിത്രം ജസ്റ്റിസ് കെമാൽപാഷ നടി ശ്രീരഞ്ജിനി നായർക്ക് നൽകി പ്രകാശിപ്പിച്ചു.
ഹ്രസ്വമായ ഉദ്ഘാടന ചടങ്ങിനുശേഷം വിനീത് ശ്രീനിവാസൻ നയിച്ച ഗാനസന്ധ്യയോടെയാണ് ആഘോഷപൂരത്തിന്റെ അമിട്ടുപൊട്ടിച്ചത്. 16 മാസങ്ങൾക്ക് ശേഷം ആദ്യമായി ഒരു സ്റ്റേജ് പ്രോഗ്രാമിന് അവസരമൊരുക്കിയ കേരളകൗമുദിക്ക് വിനീത് ശ്രീനിവാസനും സഹപ്രവർത്തകരും പ്രത്യേകം നന്ദി പറഞ്ഞു.
തുടർന്ന് സിനിമാതാരം അനുശ്രീയും സംഘവും അവതരിപ്പിച്ച നൃത്തവിരുന്ന് കാണികളെ മാസ്മരിക ലോകത്തെത്തിച്ചു. പിന്നാലെ അഭി ചാത്തന്നൂരിന്റെ ഹാസ്യകലാപ്രകടനം സദസിൽ ചിരിയുടെ മാലപ്പടക്കം തീർത്തു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷണിക്കപ്പെട്ട വ്യക്തികളെമാത്രം പങ്കെടുപ്പിച്ചായിരുന്നു ചടങ്ങ്. കേരളകൗമുദി ഫേസ്ബുക്ക് പേജിലൂടെ ലൈവ് ടെലികാസ്റ്റും ഉണ്ടായിരുന്നു.