cylinder-

കൊച്ചി: രാജ്യവ്യാപകമായി കത്തുന്ന പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വീട്ടാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ (14.2 കിലോഗ്രാം) വില 25 രൂപ കൂട്ടി. നാലുദിവസത്തിനിടെ രണ്ടാംതവണയാണ് സിലിണ്ടർ വില കൂട്ടുന്നത്.

ഇതോടെ തിരുവനന്തപുരത്ത് വില 828.5 രൂപയായി. കൊച്ചിയിൽ 826 രൂപയും കോഴിക്കോട്ട് 828 രൂപയുമാണ് പുതുക്കിയ വില. ഫെബ്രുവരിയിൽ നാലുതവണയായി കൂട്ടിയത് 125 രൂപ. ഫെബ്രുവരി നാലിന് 25 രൂപ, 15ന് 50 രൂപ, 25ന് രൂപ, 28ന് 25 രൂപ എന്നിങ്ങനെയാണ് കൂട്ടിയത്. ഡിസംബർ ഒന്നുമുതൽ ഇതുവരെ വർദ്ധിപ്പിച്ചത് 225 രൂപയാണ്.

സബ്‌സിഡി ഇല്ല

പ്രതിവർഷം 12 സിലിണ്ടറുകളാണ് ഗാ‌ർഹിക ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ ലഭിച്ചിരുന്നത്. എന്നാൽ, വിപണിവിലയും സബ്‌സിഡി വിലയും തമ്മിലെ അന്തരം ഇല്ലാതായതോടെ കഴിഞ്ഞ സെപ്‌തംബർ ഒന്നിന് കേന്ദ്രം സബ്സിഡി നിറുത്തി. അന്ന് തിരുവനന്തപുരത്ത് 603.5 രൂപയായിരുന്നു വില. വില കുത്തനെ കൂടിയാൽ സബ്സിഡി പുനരാരംഭിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ മൂന്നുമാസത്തിനിടെ 225 രൂപ കൂടിയിട്ടും സബ്‌സിഡി പുനഃസ്ഥാപിച്ചിട്ടില്ല.

 28 കോടിയോളം ഗാർഹിക എൽ.പി.ജി ഉപഭോക്താക്കൾ ഇന്ത്യയിലുണ്ട്.

 എട്ടുകോടിപ്പേർ സബ്‌സിഡിക്ക് അർഹർ.

 സബ്സിഡി നിറുത്തലാക്കിയ വകയിൽ നടപ്പുവർഷം കേന്ദ്രത്തിന് ലാഭം 20,000 കോടി രൂപ.

എല്ലാംകൂടി നടുവൊടിയും

തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 93.05 രൂപയും ഡീസലിന് 87.53 രൂപയുമാണ്. എക്കാലത്തെയും ഉയർന്ന വിലയാണിത്. രണ്ടുദിവസമായി വിലയിൽ മാറ്റമില്ല. ഇന്ധനവില വർദ്ധനയുടെ ചുവടുപിടിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലയും കൂടിയത് പൊതുജനത്തിന്റെ നടുവൊടിക്കുകയാണ്.

വാണിജ്യ സിലിണ്ടറും പൊള്ളും

വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്റെ വില 100 രൂപ വർദ്ധിപ്പിച്ചു. 1620 രൂപയാണ് തിരുവനന്തപുരത്തെ പുതുക്കിയ വില. (കൊച്ചിയിൽ 1,604.5; കോഴിക്കോട്ട് 1,628.5രൂപ)​ മൂന്നുമാസത്തിനിടെ കൂട്ടിയത് 376 രൂപ. വാണിജ്യ സിലിണ്ടർ വില വർദ്ധിച്ചതോടെ, ഹോട്ടൽ ഭക്ഷണങ്ങളുടെ വിലയും വർദ്ധിക്കും.

അന്താരാഷ്‌ട്ര ക്രൂഡോയിൽ, എൽ.പി.ജി വിലവർദ്ധനയുടെ ചുവടുപിടിച്ചാണ് എണ്ണവിതരണ കമ്പനികൾ ആഭ്യന്തര വില കൂട്ടുന്നത്. എന്നാൽ കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കിടെ ചില ദിവസങ്ങളിൽ രാജ്യാന്തരവില കുറഞ്ഞെങ്കിലും ആനുപാതികമായി പെട്രോൾ, ഡീസൽ വില കുറച്ചില്ല.