
ചങ്ങനാശേരി: സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിച്ച് ലൈംഗീക ചൂഷണത്തിനിരയാക്കിയ യുവാവ് പിടിയിൽ. മാമ്മൂട് വെളിയം ഭാഗത്ത് പുളിയ്ക്കൽ വീട്ടിൽ ലിജോ സേവ്യറിനെ (സൻജോ 24) യാണ് ചങ്ങനാശേരി പൊലീസ് ഇൻസ്പെക്ടർ ആസാദ് അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ ബംഗളൂരുവിൽ നിന്ന് അറസ്റ്റു ചെയ്തത്.
നഗരത്തിലെ ഒരു സ്കൂളിലെ വിദ്യാർത്ഥിനിയെ ഇൻസ്റ്റോഗ്രാം വഴി പരിചയപ്പെട്ട ശേഷം പല ദിവസങ്ങളിലായി ലൈംഗികമായി ചൂഷണം ചെയ്യുകയും ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും അത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു.
വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ ലിജോ ബംഗളൂരുവിലേക്ക് കടന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാളെ അവിടെ നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. കൂടുതൽ കുട്ടികൾ ഇരകളായിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തി. ഡിവൈ.എസ്.പി വി.ജെ ജോസഫിന്റെ നേതൃത്വത്തിൽ എസ്.ഐ ആർ.സുനിൽകുമാർ, എ.എസ്.ഐ ആന്റണി മൈക്കിൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.കെ അജേഷ്കുമാർ, കെ.സി അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.