aruvippuram

അരുവിപ്പുറം: ശ്രീനാരായണ ഗുരുദേവൻ വിഭാവനം ചെയ്ത സമത്വ ഭൂമികയ്ക്ക് പകരം ദുരഭിമാനക്കൊല നടത്തുന്ന നാടായി രാജ്യം അധഃപതിച്ചെന്ന് ഹൈക്കോടതി ജസ്റ്റിസ് സി.ടി. രവികുമാർ പറഞ്ഞു. 133ാമത് അരുവിപ്പുറം പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യർ ഒന്നാണെന്ന് മനസിലാക്കാതെ നിറവും ജാതിയും നോക്കി തമ്മിലടിക്കുകയാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാവർക്കും തുല്യത, സമത്വം എന്നിവ നൂറ്റാണ്ട് മുൻപ് തന്നെ ഗുരുദേവൻ നമുക്ക് കൈമാറിയതാണ്. അജ്ഞതയുള്ള മനുഷ്യമനസിനെ മുന്നോട്ട് നയിക്കാനാണ് ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്. തിരിഞ്ഞു നോക്കുമ്പോൾ ഗുരു സന്ദേശം ഉൾക്കൊണ്ടവരാണ് ഇന്ത്യക്കാരെന്ന് നമുക്ക് പറയാൻ കഴിയണമെന്നും ജസ്റ്റിസ് രവികുമാർ പറഞ്ഞു.

വാൾ തല കൊണ്ടും ജീവൻ ബലിയർപ്പിച്ചുമല്ല, നിശബ്ദമായിട്ടാണ് മനുഷ്യ മനസിൽ വിപ്ലവം സൃഷ്ടിക്കേണ്ടതെന്ന് ഗുരു നമുക്ക് കാണിച്ചുതന്നെന്ന് അദ്ധ്യക്ഷനായ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.

നെതർലൻഡ്സ് മുൻ അംബാസഡർ വേണു രാജാമണി, സി.കെ. ഹരീന്ദ്രൻ എം.എൽ.എ, ഇന്റർ നാഷണൽ സെന്റർ ഫോർ ശ്രീനാരായണഗുരു സ്റ്റഡി കേരള യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. എം.എ. സിദ്ദിഖ്, അരുവിപ്പുറം പ്രതിഷ്ഠ ദേശീയ പ്രചാരസഭ ചീഫ് കോ-ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് എന്നിവർ പ്രസംഗിച്ചു. ശിവഗിരി മഠത്തിലെ സ്വാമിമാരായ ബോധിതീർത്ഥ സ്വാഗതവും സ്വാമി വിശാലാനന്ദ നന്ദിയും രേഖപ്പെടുത്തി.

അരുവിപ്പുറം പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചുള്ള മഹാശിവരാത്രി മഹോത്സവത്തിന് സ്വാമി സാന്ദ്രാനന്ദ തൃക്കൊടിയേറ്റി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ. പത്ത് ദിവസം നീണ്ടു നിൽക്കുന്ന പ്രതിഷ്ഠാ വാർഷികം മാർച്ച് 12ന് ആറാട്ട് എഴുന്നള്ളത്തോടെ സമാപിക്കും.

മഹാശിവരാത്രി ദിനമായ മാർച്ച് 11ന് വൈകിട്ട് 3.30 മുതൽ രാത്രി 9 വരെ സ്‌പെഷ്യൽ നാദസ്വരത്തോടു കൂടിയ എഴുന്നള്ളത്ത് ഉണ്ടായിരിക്കും. വൈകിട്ട് 6.30ന് വിശേഷാൽ പൂജ. രാത്രി 7 ന് നടക്കുന്ന മഹാശിവരാത്രി സമ്മേളനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷനാകും. മാർച്ച് 11ന് രാത്രി 1 മുതൽ ഭക്തിസാന്ദ്രമായ ആയിരം കുടം അഭിഷേകം നടക്കും. മാർച്ച് 12ന് വെള്ളിയാഴ്ച രാവിലെ നടക്കുന്ന ആറാട്ട് എഴുന്നള്ളത്തോടു കൂടി അരുവിപ്പുറം പ്രതിഷ്ഠാവാർഷികവും മഹാശിവരാത്രി മഹോത്സവവും സമാപിക്കും.