
കൊച്ചി: വ്യാജരേഖകൾ ചമച്ച് ഖത്തറിലെ മലയാളിയുടെ സ്ഥാപനത്തിൽ നിന്ന് മൂന്നു കോടി രൂപ തട്ടിയെടുത്ത് നാട്ടിലേക്ക് കടത്തിയ കേസിൽ ചങ്ങനാശേരി സ്വദേശിയുടെ 1.54 കോടി രൂപയുടെ സ്വത്തുക്കളും ബാങ്ക് നിക്ഷേപവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
കൊച്ചി ചിലവന്നൂർ റോഡ് പാറയിൽ വീട്ടിൽ ഫ്രാൻസിസ് ജോർജ് ഫ്രെഡറികിന്റെ ദോഹയിലെ സ്ഥാപനത്തിലെ അക്കൗണ്ടന്റായിരുന്ന ചങ്ങനാശേരി വാഴപ്പിള്ളി പ്ളാച്ചേരിൽ വീട്ടിൽ ശ്യാം നടരാജന്റെ 1,54,56,264 രൂപയുടെ സ്വത്തുക്കളാണ് കാെച്ചിയിലെ ഇ.ഡി അധികൃതർ കണ്ടുകെട്ടിയത്. ശ്യാം നടരാജനും കോട്ടയം സ്വദേശികളായ ഖാലിദ് മാങ്കുനിയിൽ, റിഷാൽ അഹമ്മദ് എന്നിവർ ചേർന്ന് വ്യാജരേഖ ചമച്ച് മൂന്നു കോടി രൂപയോളം തട്ടിയെടുത്തതായാണ് കേസ്. കസ്റ്റംസ് ക്ളിയറൻസ് രേഖകളുൾപ്പെടെ വ്യാജമായി സൃഷ്ടിച്ച് തുക പിന്നീട് ബാങ്ക് വഴി നാട്ടിലെത്തിച്ചു. ഇതിനായി ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ പേരിൽ ചരക്കുകൾ ഇറക്കുമതി ചെയ്തെന്നു രേഖയുണ്ടാക്കി. ശ്യാം അമ്മയുടെ അക്കൗണ്ടിലേയ്ക്കും ചങ്ങനാശേരിയിലെ ബാങ്കിലെ സ്വന്തം അക്കൗണ്ടിലേയ്ക്കുമാണ് പണം അയച്ചത്. 60 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം നടത്തിയ ശ്യാം 40 ലക്ഷം മുടക്കി സ്ഥലം വാങ്ങുകയും 50 ലക്ഷം രൂപ ചെലവിട്ട് വീട് നിർമിക്കുകയും ചെയ്തു.
തട്ടിപ്പിനെക്കുറിച്ച് ഫ്രാൻസിസ് ചങ്ങനാശേരി പൊലീസിൽ 2019 ഒക്ടോബർ 14 ന് പരാതി നൽകിയിരുന്നു. ഇതിൽ ക്രൈംബ്രാഞ്ച് കോട്ടയം യൂണിറ്റ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇ.ഡിയുടെ നടപടി.