തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരിൽ ഹോട്ടൽ അടിച്ചുതകർത്ത ശേഷം ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒരു പ്രതിയെക്കൂടി പൊലീസ് പിടികൂടി. വെങ്ങാനൂർ വെണ്ണിയൂർ അമരിവിള സ്വദേശി സുബിനെയാണ് (26) വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്‌തത്. കഴിഞ്ഞ ഡിസംബർ 31ന് സുബിൻ ഉൾപ്പെട്ട അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ഭക്ഷണത്തിന് രുചി കുറവാണെന്ന് പറഞ്ഞുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഒളിവിൽ പോയ സംഘത്തിലെ മൂന്ന് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റുചെയ്‌തിരുന്നു. വിഴിഞ്ഞം എസ്.എച്ച്.ഒ ജി. രമേശ്, എസ്.ഐമാരായ രാജേഷ്‌കുമാർ, ബാലകൃഷ്ണൻ ആചാരി, സി.പി.ഒമാരായ സഞ്ജു, കൃഷ്ണകുമാർ, അജികുമാർ എന്നിവരടങ്ങിയ സംഘം പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്‌തു.