
കോട്ടയം: ഇടുക്കിയിൽ വീണ്ടും നിശാലഹരിപാർട്ടി. വട്ടവടയിൽ 'മൊണ്ടാന' ടെന്റ്ക്യാമ്പിൽ നടന്ന നിശാപാർട്ടിയിൽ നിന്ന് എം.ഡി.എം.എ (മെത്തലീൻ ഡയോക്സി മെത്താം ഫിറ്റമിൻ) ,എൽ.എസ്.ഡി (ലൈസർജിക് ആസിഡ് ഡൈതലാമൈഡ് ), ഹാഷിഷ് ഓയിൽ, ഉണക്ക കഞ്ചാവ് എന്നിവ എക്സൈസ് സംഘം പിടിച്ചെടുത്തു. സംഘാടകരായ മൂന്നു യുവാക്കളെയും കസ്റ്റഡിയിലെടുത്തു. രണ്ടു മാസം മുമ്പ് വാഗമണ്ണിൽ നടന്ന നിശാപാർട്ടിയിൽ അതീവ മാരകമായ മയക്കുമരുന്നുകൾ പിടിച്ചെടുത്തിരുന്നു. സീരിയൽ നടിയും ഡോക്ടറും ഉൾപ്പെടെ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ്.വട്ടവട പഴത്തോട്ടത്ത് പ്രവർത്തിക്കുന്ന 'മൊണ്ടാന' ടെന്റ് ക്യാമ്പിൽ നിശാപാർട്ടി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് പാർട്ടി അവിടെ എത്തിയത്. ഒരേക്കറിലധികം സ്ഥലത്ത് പ്രവർത്തിക്കുന്ന ടെന്റ്ക്യാമ്പിൽ എക്സൈസ് എത്തിയതോടെ ചെറുത്തുനില്പിന് ശ്രമിച്ചെങ്കിലും എക്സൈസ് സംഘം അവരെ കീഴ്പ്പെടുത്തുകയായിരുന്നു. നാലു മണിക്കൂറിലധികം പരിശോധന നടത്തിയാണ് മാരക മയക്കുമരുന്നുകൾ കണ്ടെത്തിയത്. 0.150 ഗ്രാം എംഡി എം എ , 0.048 ഗ്രാം എൽ എസ് ഡി, 3.390 ഗ്രാം ഹാഷിഷ് ഓയിൽ, 10ഗ്രാം ഉണക്ക കഞ്ചാവ് എന്നിവയാണ് കണ്ടെടുത്തത്.ആലപ്പുഴ കോമളപുരം ആര്യാട് വാളശ്ശേരി വീട്ടിൽ സാജിദ് (25), മാമ്മൂട് കളരിക്കൽ വീട്ടിൽ മുഹമ്മദ് ഷാദുൽ (22), നെടുമ്പാശ്ശേരി അത്താണി ശ്രീരംഗം ശ്രീകാന്ത് (32 ) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ സാജിദ് ആണ് മയക്കുമരുന്ന് എത്തിച്ചതെന്ന് അറിവായിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് ഓൺലൈനിലൂടെ ബുക്ക് ചെയ്താണ് മയക്കുമരുന്നുകൾ ക്യാമ്പിൽ എത്തിച്ചത്. നിശാപാർട്ടിയിൽ പങ്കെടുക്കാൻ ഇരുപതോളം പേർ എത്തിയിരുന്നു. കൂടുതൽ പ്രതികളുണ്ടോ എന്ന് വിശദമായി അന്വേഷണം നടത്തുകയാണെന്ന് എക്സൈസ് വ്യക്തമാക്കി.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ടി.വി. സതീഷ്, കെ.വി. പ്രദീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എസ്. മീരാൻ, പി. ജോസ്, ഡ്രൈവർ എസ്.പി. ശരത് എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.