ape

കൊച്ചി: യാത്രയ്ക്കായാലും ചരക്കുനീക്കത്തിനായാലും ഓട്ടോകളുടെ നിരയിൽ എന്നും പിയോജിയോ ആപ്പെയ്ക്ക് മുൻനിര സ്ഥാനമുണ്ട്. മുച്ചക്ര പാസഞ്ചർ ഓട്ടോ വിഭാഗത്തിൽ 'ആപ്പെ ഇ-സിറ്റി" മോഡൽ അവതരിപ്പിച്ചതിന് പിന്നാലെ ചെറു വാണിജ്യ വാഹനശ്രേണിയിൽ പിയാജിയോ പുറത്തിറക്കിയ മോഡലാണ് 'ആപ്പെ ഇ-എക്‌സ്‌ട്ര എഫ്.എക്‌സ്. ഫിക്‌സഡ് ബാറ്ററിയോട് കൂടിയാണ് ഇരു മോഡലുകളും എത്തുന്നത്. എക്‌സ്‌ഷോറൂം വില ആപ്പെ ഇ-സിറ്റിക്ക് 2.83 ലക്ഷം രൂപ; ആപ്പെ ഇ-എക്‌സ്‌ട്ര എഫ്.എക്‌സിന് 3.12 ലക്ഷം രൂപ. രണ്ടും ഫെയിം-2 സബ്സിഡിക്ക് ശേഷമുള്ള വിലയാണ്.

ഇറ്റാലിയൻ വാഹനനിർമ്മാണ കമ്പനിയായ പിയാജിയോ ഗ്രൂപ്പിന്റെ ഇന്ത്യ വിഭാഗമാണ് പിയാജിയോ കൊമേഴ്‌സ്യൽ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ്. 2019 ഡിസംബറിലാണ് പാസഞ്ചർ ശ്രേണിയിൽ ആപ്പെ ബ്രാൻഡിൽ ഇ-സിറ്റി അവതരിപ്പിച്ച് കമ്പനി ഇലക്‌ട്രിക് വാഹനശ്രേണിയിലേക്ക് ചുവടുവച്ചത്. സ്വാപ്പബിൾ ടെക്‌നോളജിയോട് കൂടിയ ബാറ്ററിയാണ് അന്ന് ഉപയോഗിച്ചത്.

9.5 കെ.ഡബ്ള്യു.എച്ച് ലിഥിയം ബാറ്ററിയാണ് ആപ്പെ ഇ-എക്‌സ്‌ട്ര എഫ്.എക്‌സിലുള്ളത്. ആറടിയാണ് വാഹനത്തിന്റെ കാർഗോ-ഡെക്ക്. ഡെലിവറി വാനായോ മാലിന്യശേഖരണത്തിനുള്ള വാഹനമായോ മറ്റും രൂപമാറ്റം വരുത്താമെന്ന (കസ്‌റ്റമൈസേഷൻ) പ്രത്യേകതയും ഈ മോഡലിനുണ്ട്. ബ്ളൂവിഷൻ ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ, ഹിൽ ഹോൾഡ് അസിസ്‌റ്റ്, റീജനറേറ്റീവ് ബ്രേക്കിംഗ്, ബൂസ്‌റ്റ് മോഡ്, മൾട്ടി ഇൻഫർമേഷൻ ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്റർ എന്നിങ്ങനെ ആധുനിക ഫീച്ചറുകളും കാണാം.

ഇ-കൊമേഴ്‌സ് ഉത്‌പന്ന ഡെലിവറി വാൻ, ഗ്യാസ് സിലിണ്ടർ നീക്കം, മിനറൽ വാട്ടർ, പച്ചക്കറികൾ, മറ്റ് എഫ്.എം.സി.ജി ഉത്‌പന്നങ്ങൾ തുടങ്ങിയവയുടെ നീക്കം എന്നിങ്ങനെ കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്താവുന്ന മോഡലാണ് ആപ്പെ ഇ-എക്‌സ്‌ട്ര എഫ്.എക്‌സ്.