home-loans

കൊച്ചി: 'സ്വന്തമായി ഒരു വീട്" എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ ബാങ്ക് വായ്‌പ തേടുന്നവർക്ക് ഇതാണ് സുവർണാവസരം. പ്രമുഖ ബാങ്കുകളെല്ലാം ഭവന വായ്‌പാപ്പലിശ നിരക്കുകൾ ദശാബ്‌ദത്തിലെ തന്നെ ഏറ്റവും കുറഞ്ഞനിരക്കിലേക്ക് താഴ്‌ത്തി. ബാങ്ക് വായ്‌പാപ്പലിശ നിർണയത്തിന്റെ മുഖ്യമാനദണ്ഡമായ റിപ്പോനിരക്ക് റിസർവ് ബാങ്ക് 2019 ഫെബ്രുവരിക്ക് ശേഷം കുറച്ചത് 2.25 ശതമാനമാണ്. 6.25 ശതമാനമായിരുന്ന റിപ്പോനിരക്ക് ഇപ്പോഴുള്ളത് നാലു ശതമാനത്തിൽ.

ഇതിന്റെ ചുവടുപിടിച്ചാണ് ബാങ്കുകളും വായ്‌പാപ്പലിശ കുറച്ചത്. കൊവിഡ് കാലത്ത് കുത്തനെ ഇടിഞ്ഞ ഭവന വായ്‌പാ ഡിമാൻഡ് തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. 2020 ജനുവരിയിൽ ഭവന വായ്‌പകളുടെ വളർച്ചാനിരക്ക് 17.5 ശതമാനമായിരുന്നത് 2021 ജനുവരി ആയപ്പോഴേക്കും 7.7 ശതമാനത്തിലേക്കാണ് കുത്തനെ ഇടിഞ്ഞത്. കൊവിഡിൽ, നിക്ഷേപമായി വൻതുക ബാങ്കുകളിലേക്ക് ഒഴുകിയെത്തിയതും വായ്‌പാ പലിശ കുറയ്ക്കാൻ ബാങ്കുകളെ നിർബന്ധിതരാക്കി.

കഴിഞ്ഞയാഴ്‌ചയിലെ കണക്കുപ്രകാരം ആറരലക്ഷം കോടിയോളം രൂപയാണ് വായ്‌പയും മറ്റു ചെലവുകളുമെല്ലാം കഴിഞ്ഞ് അധിക നിക്ഷേപമായി ബാങ്കുകളിലുള്ളത്. നിക്ഷേപ പലിശനിരക്ക് അനാകർഷകമാണെങ്കിലും നിക്ഷേപങ്ങൾക്ക് കുറവില്ല. മറ്റു വായ്‌പകളെ അപേക്ഷിച്ച് കിട്ടാക്കടനിരക്ക് കുറവാണെന്നതും ഭവന വായ്‌പകളെ പ്രോത്സാഹിപ്പിക്കാൻ ബാങ്കുകളെ പ്രേരിപ്പിക്കുന്നു. എസ്.ബി.ഐയിൽ ഭവന വായ്‌പകളിലെ മൊത്തം കിട്ടാക്കടം (എൻ.പി.എ) 0.67 ശതമാനം മാത്രം. എച്ച്.ഡി.എഫ്.സിയിൽ ഒരു ശതമാനവും.

വ്യക്തിഗത വായ്‌പകളിൽ നിന്ന് വ്യത്യസ്‌തമായി ഭവന വായ്‌പകൾക്ക് ഈട് ഉണ്ടെന്നതും ബാങ്കുകൾക്ക് അനുകൂലഘടകമാണ്. വായ്‌പാത്തിരിച്ചടവ് മുടങ്ങിയാൽ വസ്‌തു കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾ ബാങ്കുകൾക്ക് സ്വീകരിക്കാം. 2020 നവംബറിലെ കണക്കുപ്രകാരം 14.17 ലക്ഷം കോടി രൂപയാണ് രാജ്യത്തെ ഭവന വായ്‌പാമൂല്യം. വ്യക്തിഗത വായ്‌പകളുടെ പകുതിയാണിത്. മൊത്തം ഭവന വായ്‌പകളിൽ 34 ശതമാനവും എസ്.ബി.ഐയിലാണ്.

എസ്.ബി.ഐയുടെ മൊത്തം ഭവന വായ്‌പകളുടെ മൂല്യം നടപ്പുവർഷം അഞ്ചുലക്ഷം കോടി രൂപ കടന്നു. നടപ്പുവർഷം മാത്രം നൽകിയത് ഒരുലക്ഷം കോടി രൂപയാണ്. 2020 ഡിസംബർ വരെയുള്ള കണക്കുപ്രകാരം ബാങ്കിന്റെ മൊത്തം വായ്‌പയുടെ 23 ശതമാനം ഭവന വായ്‌പകളാണ്; വളർച്ച 9.99 ശതമാനം. ഭവന വായ്‌പാമൂല്യം അഞ്ചുവർഷത്തിനകം 10 ലക്ഷം കോടി രൂപ കവിയുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.

കുറയുന്ന പലിശഭാരം

എസ്.ബി.ഐ., എച്ച്.ഡി.എഫ്.സി., കോട്ടക് മഹീന്ദ്ര ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ ഇതിനകം ഭവന വായ്‌പാ പലിശനിരക്ക് ആകർഷകമായി കുറച്ചുകഴിഞ്ഞു.

എസ്.ബി.ഐ

ഉപഭോക്താവിന്റെ സിബിൽ സ്‌കോർ അടിസ്ഥാനമാക്കിയാണ് എസ്.ബി.ഐയിൽ പലിശയിളവ്. 75 ലക്ഷം രൂപവരെയുള്ള ഭവന വായ്പകൾ 6.70 ശതമാനം മുതൽ പലിശനിരക്കിൽ സ്വന്തമാക്കാം. 75 ലക്ഷം രൂപയ്ക്കുമേലുള്ള വായ്‌പകൾക്ക് പലിശനിരക്ക് 6.75 ശതമാനം മുതൽ. ഓഫർ മാർച്ച് 31 വരെ. പ്രോസസിംഗ് ഫീസില്ല.

എച്ച്.ഡി.എഫ്.സി

ഭവന വായ്‌പാപലിശനിരക്ക് പുതിയ ഉപഭോക്താക്കൾക്കായി 0.05 ശതമാനം കുറച്ച് 6.75 ശതമാനമാക്കി. മാർച്ച് 31നകം കുറഞ്ഞ പ്രോസസിംഗ് ഫീസോടെ 6.70 ശതമാനം പലിശയ്ക്കും വായ്‌പ നേടാനാകും.

കോട്ടക് മഹീന്ദ്ര ബാങ്ക്

പലിശനിരക്ക് 6.65 ശതമാനം. 0.10 ശതമാനമാണ് ഇളവ്. വിപണിയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്ക് കോട്ടക് മഹീന്ദ്ര ബാങ്കിന്റേതാണ്.

ഐ.സി.ഐ.സി.ഐ ബാങ്ക്

75 ലക്ഷം രൂപവരെയുള്ള വായ്‌പകളുടെ പുതുക്കിയ പലിശനിരക്ക് 6.70 ശതമാനം. 75 ലക്ഷം രൂപയ്ക്കുമേൽ 6.75 ശതമാനം. കുറച്ചത് 0.05 ശതമാനം.