
കൊച്ചി: ടാറ്റാ മോട്ടോഴ്‌സിന് കീഴിലെ ബ്രിട്ടീഷ് ആഡംബര വാഹന ബ്രാൻഡായ ജാഗ്വാർ ലാൻഡ് റോവറിന്റെ (ജെ.എൽ.ആർ) സമ്പൂർണ ഇലക്‌ട്രിക് എസ്.യു.വിയായ 'ഐ-പേസ്" മാർച്ച് 23ന് വിപണിയിലെത്തും. പ്രതീക്ഷിച്ചതിലും രണ്ടാഴ്‌ച വൈകിയാണ് വിപണിപ്രവേശനമെങ്കിലും ഐ-പേസ് ഏറെക്കാലമായി സൃഷ്‌ടിച്ച ഓളവും ആരവവും ശക്തമായി തുടരുകയാണ്. ഡീലർഷിപ്പുകളിൽ നേരത്തേ ആരംഭിച്ച ബുക്കിംഗിന് മികച്ച പ്രതികരണമുണ്ട്.
രാജ്യത്തെ 19 നഗരങ്ങളിലായി 22 ഷോറൂമുകളിൽ 35ലേറെ ചാർജിംഗ് സൗകര്യങ്ങൾ കമ്പനി സജ്ജമാക്കിക്കഴിഞ്ഞു. കൂടുതൽ ചാർജിംഗ് സ്‌റ്റേഷനുകളും ഒരുങ്ങുകയാണ്. ടാറ്റാ പവേഴ്‌സ് ഇ.ഇസെഡ് ചാർജ് നെറ്റ്‌വർക്ക് ഉപയോഗിച്ചും ബാറ്ററ്റി ചാർജ് ചെയ്യാം. മാളുകൾ, ഓഫീസുകൾ, റെസിഡൻഷ്യൽ ഏരിയകൾ, ഹൈവേകൾ, റെസ്‌റ്റോറന്റുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് 200ലേറെ ചാർജിംഗ് സ്‌റ്റേഷനുകളാണ് ഈ ശൃംഖലയിലുള്ളത്.
2019ലാണ് ഐ-പേസിനെ ജാഗ്വാർ അവതരിപ്പിച്ചത്. വേൾഡ് കാർ ഒഫ് ദി ഇയർ, വേൾഡ് കാർ ഡിസൈൻ ഒഫ് ദി ഇയർ, വേൾഡ് ഗ്രീൻ കാർ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ ഇതിനകം തന്നെ ഐ-പേസ് സ്വന്തമാക്കിക്കഴിഞ്ഞു. എസ്., എസ്.ഇ., എച്ച്.എസ്.ഇ എന്നീ വേരിയന്റുകളിലാണ് ഐ-പേസ് ലഭിക്കുക. എസ് എൻട്രി-ലെവലും എച്ച്.എസ്.ഇ ടോപ്പ്-വേരിയന്റുമാണ്.
ഉഗ്രൻ പേസ്
90 കെ.ഡബ്ള്യു.എച്ച് കരുത്തുള്ളതാണ് ബാറ്ററി പാക്ക്
394.5 ബി.എച്ച്.പി കരുത്താണ് മോട്ടോറിനുള്ളത്; ടോർക്ക് 696 എൻ.എം
4.8 സെക്കൻഡ് മതി പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം നേടാൻ
ഡ്രൈവിംഗ് റേഞ്ച് 470 കിലോമീറ്റർ
5-പേർക്ക് യാത്ര ചെയ്യാം. സ്‌റ്റോറേജ് പിന്നിൽ 1,453 ലിറ്റർ.