
അപകടമുണ്ടായ ഉടനെ വാഹനത്തിലുണ്ടായിരുന്നവർ കവറുകളുമായി കടന്നു
തീവ്രവാദ, ലഹരി മാഫിയ പിന്നിലെന്ന് സംശയം
കൊച്ചി: പെരുമ്പാവൂരിൽ എം.സി റോഡിലെ കടുവാൾ ജംഗ്ഷന് സമീപം കാർ നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിൽ തകർത്തതിൽ അടിമുടി ദുരൂഹത. ശനിയാഴ്ച്ച രാത്രി 10 മണിയോടെ നടന്ന അപകടത്തിൽ ആളപായമുണ്ടായില്ല. എങ്കിലും തുടർ അന്വേഷണത്തിൽ പൊലീസ് മടിച്ചതോടെ ദുരൂഹത വർദ്ധിക്കുകയാണ്. കടുവാൾ ഉഷസ് വീട്ടിൽ പ്രതാപിന്റെ വീട്ടുമുറ്റത്തേക്കാണ് വണ്ടി ഇടിച്ച് കയറിയത്. ഇവർക്ക് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. യു.പി രജിസ്ട്രേഷനിൽ മഞ്ഞയും വെള്ളയും നിറത്തിലുള്ള പജേറോയാണ് അപകടത്തിൽപ്പെട്ടത്. ഗാസിയാബാദ് സ്വദേശി ഇക്ബാലിന്റെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അപകടത്തിന് ശേഷം വാഹനത്തിൽ ഉണ്ടായിരുന്ന നാലു പേർ സ്യൂട്ട് കേയ്സും കവറുകളുമായി നാലുപാടും ചിതറിയോടിയതാണ് ദുരൂഹതയുണർത്തുന്ന ആദ്യ ഘടകം. വാഹനത്തിൽ വയർലെസ് സംവിധാനങ്ങളും റിസീവറും സജ്ജീകരിച്ചിട്ടുണ്ട്. വാഹനത്തിൽ ആയുധങ്ങൾ സൂക്ഷിച്ചതിന്റെ കവറുകളും കുങ്കുമം ഉൾപ്പെടെ വിതറിയിട്ട നിലയിലാണ്. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം ശേഷം ആരുമില്ലാത്ത സമയത്ത് ചിലർ വാഹനത്തിൽ പരിശോധന നടത്തിയതായി സമീപവാസികൾ പറഞ്ഞു. അതിനിടെ കൂവപ്പടി സ്വദേശിയുടേതാണെന്നറിയിച്ച് വാഹനം നീക്കം ചെയ്യാൻ പൊലീസ് ഞായറാഴ്ച്ച ഉച്ചയോടെ എത്തിയെങ്കിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് എതിർത്തതോടെ ഇവർ പിൻമാറുകയായിരുന്നു. ക്രെയിൻ ഉൾപ്പെടെയുളള സംവിധാനങ്ങളുമായി വാഹനം നീക്കം ചെയ്യാൻ സ്വമേധയാ എത്തിയ പൊലീസുകാരിൽ ചിലർ തങ്ങളോട് കയർത്ത് സംസാരിച്ചതായും വീട്ടുകാർ പറഞ്ഞു. അപകടം നടക്കുന്നതിന് മിനിറ്റുകൾ മുമ്പ് യു.പി രജിസ്ട്രേഷനിലുളള ഈ കാർ പലരും ശ്രദ്ധിച്ചിരുന്നു. നിയന്ത്രണം വിട്ട് ഈ കാർ ഐമുറി കവല തുടങ്ങി അപകടകരമായ രീതിയിൽ ഒാടിയിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട രീതിയിലും അമിതവേഗതയിലുമായിരുന്നു വാഹനമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പെരുമ്പാവൂർ പാലക്കാട്ടുതാഴം കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് സൂചനയുണ്ട്. കോടികൾ വില മതിക്കുന്ന മയക്കുമരുന്നാണ് വാഹനത്തിലുണ്ടായിരുന്നതെന്നും ഇതാണ് അപകടശേഷം എടുത്തുകൊണ്ട് ഓടിയതെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ടെങ്കിലും പൊലീസ് അന്വേഷണം നടത്തുന്നില്ലെന്നുളള ആക്ഷേപം ശക്തമാണ്. പൊലീസിലെ ഒരു വിഭാഗം ഇവർക്കായി രംഗത്തെത്തിയത് ദുരൂഹതയുണർത്തുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കെ പെരുമ്പാവൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ സജീവമാകുന്നത് ലഹരി മാഫിയകളെ കൂട്ടുപിടിച്ചാണെന്ന് ഇന്റലിജൻസിന് വിവരം ലഭിച്ച പശ്ചാത്തലത്തിലാണ് പെരുമ്പാവൂരിലെ ഈ സംഭവം ശ്രദ്ധേയമാകുന്നത്. തീവ്രവാദവിരുദ്ധ സേന ഏറ്റെടുത്ത അടുത്തിടെ നടന്ന പാലക്കാട്ടു താഴത്ത് അരങ്ങേറിയ വെടിവയ്പ്പ് കേസുമായി ഈ ലഹരി മാഫിയയിലെ അംഗങ്ങൾക്ക് ബന്ധമുണ്ടെന്നാണറിയുന്നത്. സംഭവം വിവാദമായ സാഹചര്യത്തിൽ പൊലീസിന്റെ എന്ത് നടപടി കൈക്കൊള്ളുമെന്ന് കാത്തിരിക്കുകയാണ് നാട്ടുകാർ.