
മർദ്ദനം ഡോക്ടറുടെ നേതൃത്വത്തിൽ
മേലുകാവ്: പുറംമ്പോക്കിൽ നിന്ന തടി വെട്ടിയെന്ന പരാതിയിൽ ഉടമയ്ക്ക് നോട്ടീസ് നൽകിയ പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനം. മർദ്ദനത്തിൽ പ്രതിേഷധിച്ച് പഞ്ചായത്ത് ജീവനക്കാർ പണിമുടക്കി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പൊലീസിൽ പരാതിയും നൽകി. മേലുകാവ് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ശരീഫിനാണ് മർദ്ദനമേറ്റത്. പഞ്ചായത്ത് ഏഴാം വാർഡിൽ തോടിനോട് ചേർന്നുള്ള ആഞ്ഞിലി മരം കഴിഞ്ഞ ദിവസം മുറിച്ചു നീക്കിയിരുന്നു. ഇത് സംബന്ധിച്ച് പ്രദേശവാസി പഞ്ചായത്ത് ഓഫീസിൽ പരാതി നൽകി.തുടർന്ന് ഉടമയ്ക്ക് സെക്രട്ടറി നോട്ടീസ് നൽകി. സ്ഥലം അളന്നു തിട്ടപ്പെടുത്തി പുറമ്പോക്കല്ലെന്ന് ബോദ്ധ്യപ്പെട്ടാൽ തടി വിട്ടുനൽകാമെന്നും അതുവരെ തടി കടത്തിക്കൊണ്ടുപോകരുതെന്നും കാണിച്ച് കത്ത് നൽകിയിരുന്നതായി സെക്രട്ടറി പറഞ്ഞു.
സ്ഥലം അളന്ന് പുറമ്പോക്ക് തിട്ടപ്പെടുത്തണമെന്ന കാണിച്ച് മൂന്നിലവ് വില്ലേജ് ഓഫീസർക്കും കത്തു നൽകി.
ചൊവ്വാഴ്ച വൈകുന്നേരം താമസസ്ഥലത്തേക്ക് പോകാനായി കാറിൽ കയറുമ്പോൾ സ്ഥലമുടമയുടെ സഹോദരൻ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.